Friday, July 4, 2014

1 അന്‍സാരിയുടെ കൂപ്പുകൈ

കയത്തില്‍ പൊങ്ങിയ
പൂച്ചക്കണ്ണ് കലങ്ങി
കുത്തബ്ദീന്‍ അന്‍സാരി പറഞ്ഞു:-
"എങ്കിലും എന്‍റെ അശോകേ
നീയതു ചെയ്തല്ലോ;
കൂര്‍ത്ത കുന്തവുമേന്തി.........."

നനകണണകളോടെ
അശോക്‌ മോച്ചി കരഞ്ഞു:-
"എന്‍റെ കുദ്ദ്
നീയെന്നോടു പൊറുക്കു
എല്ലാറ്റിനും കാരണക്കാരന്‍
ആ കൊല്ലനാണ്,
എന്‍റെ കയ്യില്‍
കുന്തം തിരുകിയവന്‍.
ഞങ്ങള്‍
വെറും കരുക്കളായിരുന്നു."

അന്‍സാരിക്ക് അശോക്‌
ദാഹജലം നീട്ടി.
അശോകിന് അന്‍സാരി
ചുവന്ന റോസാപ്പൂവും.

അവര്‍ ആശ്ലേഷിച്ച്
ഒരുറച്ച ചുവടെടുത്തു;
കൊല്ലന്റെ നേരെ!
    -----------

1 ഗോധ്ര കഴിഞ്ഞ് ഒരു വാഴവട്ടത്തിനുശേഷം ൨൦൧൪ മാര്‍ച്ച് 3 ന് 
കുത്തബ്ദീന്‍ അന്‍സാരിയും അശോക്‌ മോച്ചിയും ഒരു വേദിയില്‍ 
അടുത്തടുത്തിരുന്നു.

Thursday, July 3, 2014

ആം ആദ്മി

ആം ആദ്മി പാര്‍ട്ടിയില്‍
നെറ്റിലൂടെ അംഗമായ
സംതൃപ്തിയോടെ
പതിവ് നടപ്പിനിറങ്ങി.

ഒന്നാംനിലയിലെ
ബാല്‍ക്കണിയില്‍നിന്ന്
മഞ്ഞനിറത്തില്‍
ഒരു കട്ടികഫം
മുന്നില്‍ ആഞ്ഞു പതിച്ചു.

കഫത്തില്‍പ്പെട്ട ഉറുമ്പ്‌
ഏന്തി വലിയുന്നതു കണ്ട്
തീവ്രമായി ദുഖിക്കുകയും
വെളുത്ത ഫാബിന്ത്യ ജുബ്ബയിലല്ലെന്ന്
ആശ്വസിക്കുകയും
ഒന്നാംനിലയില്‍ ജലദോഷം
കടുക്കാതിരുന്നെങ്കിലെന്നു
ആശിയ്ക്കുകയും ചെയ്ത്‌
നടപ്പു തുടര്‍ന്നു.

ചൂലീര്‍ക്കില്‍
ഉപയോഗിയ്ക്കാമായിരുന്നെന്ന്
ചിന്തിയ്ക്കുകയും ചെയ്തു.
        -------------

Wednesday, July 2, 2014

ദാക്ഷായണിയമ്മയുടെ അടുക്കള-3

കുട്ടികളുണ്ടായപ്പോഴായിരുന്നു
ദാക്ഷായണിയമ്മ
ജോലി വിട്ടത്.

ഓഫീസില്‍നിന്നു വന്നാല്‍
ഞാന്‍
റിമോട്ട് ഞെക്കി
ചാരുകസേരയില്‍.

ദാക്ഷായണിയമ്മ
പരക്കം പാഞ്ഞു
അടുക്കളയിലും
മാര്‍ക്കറ്റിലും
വിദ്യാലയങ്ങളിലും...........

ദാമിനി വന്നപ്പോള്‍
അടുക്കള എസിയായി.

അമ്മയുടെ ചിട്ടയാണ്
അച്ഛനു നന്നെന്നും
പിടിവാശി നന്നല്ലെന്നും പറഞ്ഞ്
കിടപ്പുമുറി സൌകര്യമാക്കി.
ഇന്‍സുലിനും അമിലോഡിപ്പിനും
കൃത്യമാക്കി.

കവിത വരുന്നതും കാത്ത്
നില്‍ക്കുന്നു ഞാന്‍ ജെനാലയ്ക്കല്‍.

റിമോട്ടു ഞെക്കി
ദാക്ഷായണിയമ്മ
ചാരുകസേരയില്‍.
   -----------

Tuesday, July 1, 2014

ദാക്ഷായണിയമ്മയുടെ അടുക്കള-2

പാല്‍ തിളച്ച് ഒട്ടുമേ തൂവാതിരിയ്ക്കുവാന്‍
കാവലായ് നില്‍ക്കുന്നു ദാക്ഷായണിയമ്മ.

വലതു കാല്‍വെച്ച്
ദാമിനി കയറിവന്നു.

നിലവിളക്കുഴിഞ്ഞു
ദാക്ഷായണിയമ്മ
താക്കോല്‍ക്കൂട്ടം ഏല്‍പ്പിച്ച്
പൂജാമുറിയില്‍ക്കയറി.

പൂജ കഴിഞ്ഞിറങ്ങിയപ്പോള്‍
1 താരാബായി
പിരിഞ്ഞു പോകുന്നതു കണ്ടു.
ഒപ്പം തന്‍റെ ഗ്യാസ് സ്റ്റോവ്വും!

അടുക്കള
എസിയാക്കിയിരിക്കുന്നു.
ഡിജിറ്റല്‍ ആക്കിയിരിക്കുന്നു.
ഇന്‍ഡക്ഷന്‍ കുക്കര്‍
മൈക്രോവേവ്
ഇങ്കുബേറ്റര്‍
ഹീറ്റര്‍, ഫ്രീസര്‍.............

പാദകത്തേല്‍
ഓടിത്തിരിയുന്ന
ഒരു റോബോട്ട്;
നുറുക്കാനറിയുന്ന
അരയ്ക്കാനറിയുന്ന
മണം നോക്കി പാകമറിയുന്ന
pHനോക്കി രുചിയറിയുന്ന
പാത്രം കഴുകിയുണക്കുന്ന
ചുണക്കുട്ടന്‍.

വെളുപ്പിനുണര്‍ന്നു
ശീലംപോലെ
തീപ്പെട്ടിയുരച്ചപ്പോള്‍
റോബോട്ട്
നിര്‍ത്താതെ അലമുറയിട്ടു.
ദാക്ഷായണിയമ്മ പേടിച്ചു

ദാമിനി ഓടിവന്ന്‌
'ഡോണ്ട് വറി മമ്മീ ' എന്നു പറഞ്ഞു.
         --------------

1 ജോലിക്കാരി