Wednesday, April 30, 2014

ആഗസ്റ്റ്‌ 15 - മരണം രണ്ട്

ആഗാസ്റ്റു 15 ന്
ആസാദ് മൈദാനത്തിന്റെ കോണില്‍
അടുത്തടുത്താണ്
ശവങ്ങള്‍ രണ്ടും കണ്ടത്.

പത്തിരുപതു വര്‍ഷം
വാതില്‍ മുറിക്കാത്ത അയല്‍ക്കാരായിരുന്നു
ഓഫീസ്  യാത്രയിലെ
ശീട്ട് കൂട്ടുകാര്‍.
തുറുപ്പ് എടുത്തിട്ടില്ല
തമ്മില്‍ ഒരിക്കലും.

ഒന്നാമന്റെ തൊണ്ടയില്‍
മൂത്രം നനഞ്ഞ ഇഷ്ടികക്കഷണം
തള്ളിക്കയറ്റിയതാണ്.
രണ്ടാമന്‍റെ കൊരവള്ളിയില്‍
മൂന്നു മുനയുള്ള മുള്ള്
ആഴ്ത്തിയിറക്കിയിരിക്കുന്നു.
വിശ്വാസങ്ങള്‍ക്ക് വേണ്ടിയാവണം
പിടിവലി ലക്ഷണം ഇല്ല.

എല്ലാരും ഒതുങ്ങിയപ്പോള്‍
ഒന്നാമന്റെ ഭാര്യ അടക്കം പറഞ്ഞു:-
"അങ്ങേരീയെടെയായി
മാറ്റട്ടെറച്ചി തീരെ നിര്‍ത്തിയിരിക്കുന്നു .
കൂട്ടുകൂടി
തെരുവോരത്തെ ഫ്രൂട്സാക്കിയിരിക്കുന്നു;
മൂന്നു മുനയുള്ള മുള്ളുകൊണ്ട്
കുത്തിക്കുത്തി."

രണ്ടാമത്തി :-
." അങ്ങോരാനെങ്കി
മുള്ളീട്ട് ഇപ്പോഴിപ്പോ
വെള്ളത്തിനു പകരം
ഇഷ്ടികക്കഷണം ആക്കീര്‍ന്നു."

പാഞ്ഞിരമ്പി കുലുക്കിപ്പറത്തിയ
ഡബിള്‍ ഫാസ്ടിട്ടു പോയ
ശൂന്യതയില്‍
അവരുടെ വിരലുകള്‍ കോര്‍ന്നു ;
നനകണ്ണുകള്‍ ഇടയാതെ
മണ്ണില്‍ കളിക്കുന്ന
മക്കളെ നോക്കി
വീഴാതെ!
-----------



Tuesday, April 29, 2014

കീറിയ കറന്‍സി

ബാങ്ക് തന്ന നോട്ടുകെട്ടില്‍
കീറനോട്ട്.

നോട്ടിതാരും തൊടുന്നില്ല
നോട്ടിനൊന്നും തരുന്നില്ല.
നാറ്റമുള്ള വായ നന്നായ്
മൂടിവെക്കാന്‍ പറയുന്നു.
ഭരണഘടന പൂട്ടി വെച്ചു
പാടു നോക്കാന്‍ പറയുന്നു.

ദൂരെയുള്ള റിസര്‍വ് ബാങ്കിന്‍
ക്യുവില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല
ദിവസം ഒത്താല്‍ സമയമില്ല
സമയം ഒത്താല്‍ ക്യു വലുപ്പം.
വോട്ടു ചെയ്ത കൂട്ടരൊക്കെ
നോട്ട് മാറ്റാന്‍ എത്തിയെന്നോ?

തോറ്റ ഞാനെന്‍ കീറനോട്ടൊരു  
കണ്ണു പൊട്ടന്‍ യാചകന്റെ
കേണു നീളും കൈയില്‍ വെച്ചു.

കുണ്ടു കണ്ണില്‍ ചേര്‍ത്തയാള്‍
കോടി സ്വത്ത് നേരുമ്പോള്‍
തെരുവു പയ്യന്‍ അത് റാഞ്ചി
പക്ഷി വേഗം പറക്കുമ്പോള്‍,
ഹോണ്ട സിറ്റി വന്നവന്റെ
ഉയിരെടുത്തോണ്ട് ഓടിപ്പോയ്.

കീറനോട്ടാ ടയറിന്റെ
പല്ലിടയില്‍ ഒളിക്കുന്നു.
ഞാനെന്റെ നേരെ കണ്ണിറുക്കി
ചുണ്ട് പൂട്ടി ചിരിക്കുന്നു.
_________________

Monday, April 28, 2014

യുദ്ധം

ഇന്ത്യാ പാകിസ്ഥാന്‍ ഏകദിനം .
മഞ്ഞു മലകളില്‍
പുകയുന്ന ക്ലോസപ്പ്‌ .
കപ്പടാ മീശകളുടെ മുഖത്ത്
ഹീറോയുടെ മുഷ്ട്ടി.
സ്വിം സൂട്ടിന്റെ മുഴപ്പ്
ഫ്രെഞ്ചി
മൈക് ടൈസന്റെ പല്ലില്‍
ചോര പൊടിയുന്ന ചെവിത്തുണ്ട്.

കയ്യില്‍ റിമോട്ട്
ചുണ്ടില്‍ സിഗരട്ട്
മുന്നിലൊരു സ്മാള്‍
മൊബൈല്---------
ആരാണ്ട്രാ പറഞ്ഞെ
യുദ്ധം ദുഖമാന്ന്‍
ഹേ !?
_________

Sunday, April 27, 2014

ഒറ്റച്ചിറകി

വസന്താകാശക്കീഴില്‍
പൂത്തുലഞ്ഞ
താഴ്‌വാര മുകളില്‍
വിടര്‍ന്ന്‍ ഒഴുകിയ
ചിറക് ഒന്നിതാ
മംമോഗ്രഫ്ഫിയും ലേസറും ചേര്‍ന്ന്
അരിഞ്ഞിട്ട് .
ചിരട്ട വേര്‍പെട്ട മണ്ണപ്പം
വേരറ്റു  വീണു.
വെടിയേറ്റ വിമാനം മൂക്കുകുത്തുന്നു.
ഒരു കണ്ണ് ചുഴഞ്ഞെടുത്ത് ഉണങ്ങിയ മുഖം
കണ്ണാടി ചിതര്‍ത്തുന്നു.
വസന്ത വനത്തില്‍
ഒരു മരക്കുറ്റി  പുകയുന്നു.

കടല്‍ക്കൊള്ള ഏറ്റൊരു
കല്‍പ്രതിമപോല്‍
ഞാന്‍
ഒറ്റച്ചിറകി
_______

ഗാന്ധിയും ഗാന്ധിജിയും

കഷണ്ടി,കണ്ണട
പല്ലു പോയ മോണ
ടോപലെസ്സ്
ധോത്തി
മെതിയടി, വടി ...........
മേക്കപ്പ് വെറും അര മണിക്കൂര്‍
ബാപ്പുു പറഞ്ഞതെന്തെന്നാല്‍.........
ചില്ലിട്ട ഫോട്ടോ, പ്രതിമ, രഘുപതി രാഘവ,
ഗാന്ധി സിനിമ...........
ഞാന്‍ ഗാന്ധിയാകും.

ആശ്രമം
അക്ഷരം, മഷിക്കുപ്പി,
സത്യാന്വേഷണം,
ഉപ്പ്,ലാത്തി,നിരാഹാരം, സത്യാഗ്രഹം,
കാല്‍നട,ദണ്ടി,
പല്ലു കൊഴിച്ച്ച മോണ.
മേക്കപ്പ് ഒരായുഷ്കാലം.

എനിക്ക് ഗാന്ധി ആകണ്ടായെ .
ഹേ റാം !
________