Tuesday, April 29, 2014

കീറിയ കറന്‍സി

ബാങ്ക് തന്ന നോട്ടുകെട്ടില്‍
കീറനോട്ട്.

നോട്ടിതാരും തൊടുന്നില്ല
നോട്ടിനൊന്നും തരുന്നില്ല.
നാറ്റമുള്ള വായ നന്നായ്
മൂടിവെക്കാന്‍ പറയുന്നു.
ഭരണഘടന പൂട്ടി വെച്ചു
പാടു നോക്കാന്‍ പറയുന്നു.

ദൂരെയുള്ള റിസര്‍വ് ബാങ്കിന്‍
ക്യുവില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല
ദിവസം ഒത്താല്‍ സമയമില്ല
സമയം ഒത്താല്‍ ക്യു വലുപ്പം.
വോട്ടു ചെയ്ത കൂട്ടരൊക്കെ
നോട്ട് മാറ്റാന്‍ എത്തിയെന്നോ?

തോറ്റ ഞാനെന്‍ കീറനോട്ടൊരു  
കണ്ണു പൊട്ടന്‍ യാചകന്റെ
കേണു നീളും കൈയില്‍ വെച്ചു.

കുണ്ടു കണ്ണില്‍ ചേര്‍ത്തയാള്‍
കോടി സ്വത്ത് നേരുമ്പോള്‍
തെരുവു പയ്യന്‍ അത് റാഞ്ചി
പക്ഷി വേഗം പറക്കുമ്പോള്‍,
ഹോണ്ട സിറ്റി വന്നവന്റെ
ഉയിരെടുത്തോണ്ട് ഓടിപ്പോയ്.

കീറനോട്ടാ ടയറിന്റെ
പല്ലിടയില്‍ ഒളിക്കുന്നു.
ഞാനെന്റെ നേരെ കണ്ണിറുക്കി
ചുണ്ട് പൂട്ടി ചിരിക്കുന്നു.
_________________

No comments:

Post a Comment