Friday, July 4, 2014

1 അന്‍സാരിയുടെ കൂപ്പുകൈ

കയത്തില്‍ പൊങ്ങിയ
പൂച്ചക്കണ്ണ് കലങ്ങി
കുത്തബ്ദീന്‍ അന്‍സാരി പറഞ്ഞു:-
"എങ്കിലും എന്‍റെ അശോകേ
നീയതു ചെയ്തല്ലോ;
കൂര്‍ത്ത കുന്തവുമേന്തി.........."

നനകണണകളോടെ
അശോക്‌ മോച്ചി കരഞ്ഞു:-
"എന്‍റെ കുദ്ദ്
നീയെന്നോടു പൊറുക്കു
എല്ലാറ്റിനും കാരണക്കാരന്‍
ആ കൊല്ലനാണ്,
എന്‍റെ കയ്യില്‍
കുന്തം തിരുകിയവന്‍.
ഞങ്ങള്‍
വെറും കരുക്കളായിരുന്നു."

അന്‍സാരിക്ക് അശോക്‌
ദാഹജലം നീട്ടി.
അശോകിന് അന്‍സാരി
ചുവന്ന റോസാപ്പൂവും.

അവര്‍ ആശ്ലേഷിച്ച്
ഒരുറച്ച ചുവടെടുത്തു;
കൊല്ലന്റെ നേരെ!
    -----------

1 ഗോധ്ര കഴിഞ്ഞ് ഒരു വാഴവട്ടത്തിനുശേഷം ൨൦൧൪ മാര്‍ച്ച് 3 ന് 
കുത്തബ്ദീന്‍ അന്‍സാരിയും അശോക്‌ മോച്ചിയും ഒരു വേദിയില്‍ 
അടുത്തടുത്തിരുന്നു.

Thursday, July 3, 2014

ആം ആദ്മി

ആം ആദ്മി പാര്‍ട്ടിയില്‍
നെറ്റിലൂടെ അംഗമായ
സംതൃപ്തിയോടെ
പതിവ് നടപ്പിനിറങ്ങി.

ഒന്നാംനിലയിലെ
ബാല്‍ക്കണിയില്‍നിന്ന്
മഞ്ഞനിറത്തില്‍
ഒരു കട്ടികഫം
മുന്നില്‍ ആഞ്ഞു പതിച്ചു.

കഫത്തില്‍പ്പെട്ട ഉറുമ്പ്‌
ഏന്തി വലിയുന്നതു കണ്ട്
തീവ്രമായി ദുഖിക്കുകയും
വെളുത്ത ഫാബിന്ത്യ ജുബ്ബയിലല്ലെന്ന്
ആശ്വസിക്കുകയും
ഒന്നാംനിലയില്‍ ജലദോഷം
കടുക്കാതിരുന്നെങ്കിലെന്നു
ആശിയ്ക്കുകയും ചെയ്ത്‌
നടപ്പു തുടര്‍ന്നു.

ചൂലീര്‍ക്കില്‍
ഉപയോഗിയ്ക്കാമായിരുന്നെന്ന്
ചിന്തിയ്ക്കുകയും ചെയ്തു.
        -------------

Wednesday, July 2, 2014

ദാക്ഷായണിയമ്മയുടെ അടുക്കള-3

കുട്ടികളുണ്ടായപ്പോഴായിരുന്നു
ദാക്ഷായണിയമ്മ
ജോലി വിട്ടത്.

ഓഫീസില്‍നിന്നു വന്നാല്‍
ഞാന്‍
റിമോട്ട് ഞെക്കി
ചാരുകസേരയില്‍.

ദാക്ഷായണിയമ്മ
പരക്കം പാഞ്ഞു
അടുക്കളയിലും
മാര്‍ക്കറ്റിലും
വിദ്യാലയങ്ങളിലും...........

ദാമിനി വന്നപ്പോള്‍
അടുക്കള എസിയായി.

അമ്മയുടെ ചിട്ടയാണ്
അച്ഛനു നന്നെന്നും
പിടിവാശി നന്നല്ലെന്നും പറഞ്ഞ്
കിടപ്പുമുറി സൌകര്യമാക്കി.
ഇന്‍സുലിനും അമിലോഡിപ്പിനും
കൃത്യമാക്കി.

കവിത വരുന്നതും കാത്ത്
നില്‍ക്കുന്നു ഞാന്‍ ജെനാലയ്ക്കല്‍.

റിമോട്ടു ഞെക്കി
ദാക്ഷായണിയമ്മ
ചാരുകസേരയില്‍.
   -----------

Tuesday, July 1, 2014

ദാക്ഷായണിയമ്മയുടെ അടുക്കള-2

പാല്‍ തിളച്ച് ഒട്ടുമേ തൂവാതിരിയ്ക്കുവാന്‍
കാവലായ് നില്‍ക്കുന്നു ദാക്ഷായണിയമ്മ.

വലതു കാല്‍വെച്ച്
ദാമിനി കയറിവന്നു.

നിലവിളക്കുഴിഞ്ഞു
ദാക്ഷായണിയമ്മ
താക്കോല്‍ക്കൂട്ടം ഏല്‍പ്പിച്ച്
പൂജാമുറിയില്‍ക്കയറി.

പൂജ കഴിഞ്ഞിറങ്ങിയപ്പോള്‍
1 താരാബായി
പിരിഞ്ഞു പോകുന്നതു കണ്ടു.
ഒപ്പം തന്‍റെ ഗ്യാസ് സ്റ്റോവ്വും!

അടുക്കള
എസിയാക്കിയിരിക്കുന്നു.
ഡിജിറ്റല്‍ ആക്കിയിരിക്കുന്നു.
ഇന്‍ഡക്ഷന്‍ കുക്കര്‍
മൈക്രോവേവ്
ഇങ്കുബേറ്റര്‍
ഹീറ്റര്‍, ഫ്രീസര്‍.............

പാദകത്തേല്‍
ഓടിത്തിരിയുന്ന
ഒരു റോബോട്ട്;
നുറുക്കാനറിയുന്ന
അരയ്ക്കാനറിയുന്ന
മണം നോക്കി പാകമറിയുന്ന
pHനോക്കി രുചിയറിയുന്ന
പാത്രം കഴുകിയുണക്കുന്ന
ചുണക്കുട്ടന്‍.

വെളുപ്പിനുണര്‍ന്നു
ശീലംപോലെ
തീപ്പെട്ടിയുരച്ചപ്പോള്‍
റോബോട്ട്
നിര്‍ത്താതെ അലമുറയിട്ടു.
ദാക്ഷായണിയമ്മ പേടിച്ചു

ദാമിനി ഓടിവന്ന്‌
'ഡോണ്ട് വറി മമ്മീ ' എന്നു പറഞ്ഞു.
         --------------

1 ജോലിക്കാരി 
















Monday, June 30, 2014

ദാക്ഷായണിയമ്മയുടെ അടുക്കള -1

പച്ച ചുവയ്ക്കുന്ന
സസ്യമാംസങ്ങളെ
തൂമധുരമാക്കുന്ന
തീനാളമുണ്ടതില്‍.
ചേരാന്‍ മടിയ്ക്കുന്ന
ചേരുവകളെ ച്ചേര്‍ത്തു
പൊരുത്തമൊരുക്കുന്ന
മൂര്‍ച്ചകളുമുണ്ടതില്‍.

മീനിന്‍റെ നാറ്റവും
ചേനചൊറിച്ചിലും
കയ്പയ്ക്കക്കുറുംപും
കരിയും, പൊടിയുമഴുക്കും, കൃമികളും
കഴുകിയൊഴിയ്ക്കും
നയധാരയുണ്ടതില്‍.
വേണ്ടാത്തിടങ്ങളില്‍
വീണു ചതഞ്ഞ കടച്ചക്ക
ചെത്തിമിനുക്കുന്ന
വാക്കത്തിയുണ്ടതില്‍.
ചെറുചൂടിലെന്തും
മയക്കിയൊരുക്കുന്ന
സ്നേഹസ്വരൂപികളെ-
ണണകളുണ്ടതില്‍.
തുംപപ്പൂവിറിത്തു
കുടഞ്ഞിട്ടു ചിരിയ്ക്കുന്നു
ചിരവയുടെ നിരയൊത്ത
കുഞ്ഞരിപ്പല്ലുകള്‍.
നാളേയ്ക്കു വിളമ്പുവാന്‍
നല്‍നാളിന്‍റെയോര്‍മ്മകള്‍
കാത്തു സൂക്ഷിയ്ക്കുന്നു
കൊണ്ടാട്ടഭരണികള്‍.

ചൂടേറുകില്‍
പൊട്ടിത്തെറിയ്ക്കുന്ന കടുകുണ്ട്.
കടിച്ചാല്‍ കരയിയ്ക്കും
കാ‍ന്താരിവീര്യവും.
ഗ്രാമ്പൂ,ഏലം, പൊതിന,യജിനമോട്ടോ,
സീവീഡ,സ്പരാഗസ്,
വാനില,സോസുകള്‍...........
ദാക്ഷാണിയമ്മയുടെ
ഉറ്റ ചെങ്ങാതികള്‍.

വന്നവരൊക്കെ
വിട വീശിയകലുംപൊഴും
ഉറ്റവരൊക്കെ
ഉള്ളിലുറക്കമാകുമ്പോഴും
പാല്‍ തിളച്ചൊട്ടുമേ
തൂവാതിയ്ക്കുവാന്‍
കണ്ണിമ ചിമ്മാതെ
കാലുകളിടറാതെ
കാവലായ് നില്‍ക്കുന്നു
ദാക്ഷായണിയമ്മ.
    ----------































Sunday, June 29, 2014

ദൈവത്തിന്‍റെ കണ്ണാടി

മധുരക്കനി സ്വദിച്ച്
ആദവും ഹവ്വയും
അര്‍മാദിച്ചിരിക്കെ
മുള്ളുകൊണ്ട് ഉള്ളം നീറി
ഉറക്കെ വിളിച്ചു.
ദൈവം
അവര്‍ക്ക് ഒരു കണ്ണാടി നല്‍കി.
സത്യം സത്യമായ് പറയുന്ന കണ്ണാടി.

അവര്‍ വഴക്കടിച്ചപ്പോള്‍
കണ്ണാടി വീണുടഞ്ഞു
ആയിരം തുണ്ടുകളായ്.

സത്യങ്ങള്‍ ആയിരമായ്.

ആദത്തിന്‍റെയും ഹവ്വയുടെയും മക്കള്‍
ആയിരം മതക്കാരായ്.

ഉടയുന്നിപ്പോള്‍ കണ്ണാടി വീണ്ടും
വീണ്ടും, വീണ്ടും................
     ------------ 

Friday, June 27, 2014

ചുണ്ണാമ്പു തൊട്ടവര്‍

നാലരവെളുപ്പിന്റെ ഇളംതണുവില്‍
തളര്‍ന്നു തലചായ്ച്ച് നഗരരാത്രി.
വിജനവിശാല വീഥി.
(തേരാപ്പാരാപ്പകലുകളില്‍ അറിഞ്ഞേയില്ല )
ഇവള്‍ക്ക് ഇത്ര മുഴുപ്പോ!
തുടച്ചു തീരാത്ത മേക്കപ്പുപോലെ
നഗരവെട്ടം.
വാടിയ പാലപ്പൂപോലെ
നഗരഗന്ധം.
ഇരുപുറവും മാണ്ടുറങ്ങുന്നു
മേക്കപ്പുകാര്‍,പക്കമേളക്കാര്‍, കോറസ്സ്കാര്‍.
എല്ലാവരുടെയും വിരലറ്റത്തുണ്ട്
ചുണ്ണാമ്പ്.

മൂന്നു പതിറ്റാണ്ടുമുമ്പ്
1 വീറ്റിയില്‍ വന്നിറങ്ങി
പകച്ചുനില്‍ക്കെ
ചിത്രത്തൂണില്‍ കാലുയര്‍ത്തി
ചാരിയൊരു
പെണ്ചിരിയോര്‍ക്കുന്നു ;
ചെരിഞ്ഞ ചിരി.
അന്നുമുതല്‍
എന്‍റെ വിരല്‍ത്തുമ്പത്തുമുണ്ട്
മായ്ച്ചാലും മായാതെ
ചുണ്ണാമ്പ്!
   ------------

വിക്ടോറിയാ ടെര്‍മിനസ് റയില്‍വേ സ്റ്റേഷന്‍ 

Thursday, June 26, 2014

നാണപ്പേട്ടനും നാലാമിടവും

ഡോംബിവല്ലിയിലെ
കവിസമ്മേളനത്തിലാണ്
നാണപ്പേട്ടന്‍
തിരികെ വന്നെന്നറിഞ്ഞത്.

നഗരത്തില്‍
നാല്‍പ്പതു വര്‍ഷം
ലോക്കലിന്റെ നാലാമിടത്തില്‍
അരച്ചന്തിയില്‍ ജീവിച്ച് മടുത്ത്
നാട്ടിലെത്തിയൊന്നു
നടുനീര്‍ക്കാന്‍ പോയ
നാണപ്പേട്ടന്‍
പുഴക്കരയിലെ
പുത്തന്‍ വീടു വിറ്റ്
എന്തേ തിരികെ ...........?

"സീറ്റില്‍ മൂന്നുപേര്
കവച്ചങ്ങിരിക്കും കുട്ടാ.
പൊള്ളുന്ന ചൂടില്‍
കമ്പിയില്‍ത്തൂങ്ങി
ബോധംകെട്ടു വീണാലും
കിട്ടില്ലവിടെ
അരച്ചന്തിക്കിടം."

ചായയും സമോസയും കഴിച്ച്
കവിത ചൊല്ലി നേരമേറെയായ്.
കിട്ടി കല്യാണ്‍ഫാസ്റ്റിലിടം
മുഴുച്ചന്തിക്കിരുവര്‍ക്കും!
      ------------

Wednesday, June 25, 2014

വീട്

വെറുമൊരിടമല്ല വീട്
കാറ്റും
വെളിച്ചവും
പോഷകവും
വേണമതിന്.
ഹൃദയമുണ്ട് വീടിന്.
നമ്മോടൊപ്പം തേങ്ങുകയും
തുള്ളിച്ചാടുകയും ചെയ്യുന്നത്.

രാവിലെ വേഷമിട്ടിറങ്ങുമ്പോള്‍
മുണ്ടിന്‍റെ കോന്തല ഒതുക്കുന്നതും
പൊട്ടു ശരിയാക്കുന്നതും
വീടാണ്.
ഓഫീസിലേക്കും
വിദ്യാലയത്തിലേക്കും
തിരക്കിട്ടോടുമ്പോള്‍
നിര്‍ത്താതെ ടാറ്റാ പറയുന്നുണ്ടത്.
തിരിച്ചെത്തുംവരെ
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.

നമ്മുടെ ഒച്ച കടുത്താല്‍
വീട്
നിറകണ്ണുകളോടെ
കതകിന്റെ മൂലയില്‍ ഒതുങ്ങുന്നു.
ഒച്ച കിലുങ്ങുമ്പോള്‍
മുറികള്‍തോറും
കക്കു കളിയ്ക്കുന്നു.

ദൂരെദിക്കിലുള്ള
മക്കളുടെയരികിലേക്ക്
ഏറെ നാളത്തേക്ക് പോയാല്‍
വീട്
പൊടിപൊടിയായി
കണ്ണീര്‍ പോഴിയ്ക്കും.
തിരിച്ചെത്തുമ്പോള്‍
അടങ്കലം ആശ്ലേഷിയ്ക്കുന്നു.
ആശ്വാസമായി പൊതിഞ്ഞ്
സാവധാനം
സോഫയിലേക്ക് ചായ്ക്കുന്നു.

വീടിന് ഉറക്കമെന്നതേയില്ല.
പകല്‍ നമ്മേക്കുറിച്ച് ചിന്തിച്ചും
രാത്രിയില്‍ വീശിത്തന്നും
ഉറക്കമിളയ്ക്കുന്നു.

നമ്മള്‍
വെള്ളയുടുത്തു കിടക്കുമ്പോഴും
വീടു വില്ക്കുമ്പോഴും
ഉഷ്ണമായി
അതുഴറും

ഇന്ദ്രിയങ്ങള്‍
ആയിരമാണ് വീടിന്.
എല്ലാം
കേള്‍ക്കുന്നു
മണക്കുന്നു
രുചിയ്ക്കുന്നു
തൊട്ടറിയുന്നു
ഉള്ളിന്‍റെ ഉള്ളറിയുന്നു.

അരുതാത്തത് നടന്നാല്‍
വിഷാദരോഗിയാവും വീട്;
കാളിംഗ്ബെല്ലിനെയും പേടിയ്ക്കും
ബാല്‍ക്കണിയില്‍ വരാറുള്ള കിളികളെ
ആട്ടിപ്പായിയ്ക്കും

വീടു പറയുന്നതൊക്കെ
നാം ശ്രദ്ധയോടെ കേള്‍ക്കെണ്ടതുണ്ട്
സ്വന്തമെന്നോര്‍ത്ത് താലോലിക്കേണ്ടതുണ്ട്.
അല്ലെങ്കില്‍
ചുറ്റിനും പതുങ്ങുന്ന കാട്
അരിച്ചരിച്ച്
അകത്തേക്കു വരും
വീടിനെ വിഴുങ്ങും.
    ----------







































Tuesday, June 24, 2014

പിഷാരടിമാഷിന്റെ ആസ്തി

പെന്‍ഷനോട് ഒത്ത
പണവും സാവകാശവും
പിഷാരടിമാസ്റ്റര്‍
പുസ്തക(സ്വപ്ന) ശേഖരമാക്കി.
പൊടി പിടിയ്ക്കാതെ  സണ്‍മൈക്ക,
പുഴുക്കുത്തിനും
പുഴുക്കത്തിനും ഏസി............

കോര്‍പറെറ്റ് കോണിയില്‍ ഉറച്ചുനിന്ന്‍
മക്കളും
കളിപ്പാട്ടങ്ങള്‍ക്കിടയിലിരുന്ന്‍
പേരമക്കളും
പുസ്തകം അടുക്കിക്കൊണ്ടിരിയ്ക്കെ
പിഷാരടിമാസ്റ്റര്‍
ചാരുകസേരയില്‍
ഒരു വശത്തേക്കു ചരിഞ്ഞു.

ഇന്നു ചെല്ലുമ്പോള്‍
അലമാരകളൊക്കെ കാലി!
ഇസ്തിരിയുടയാത്ത വെള്ള ഷര്‍ട്ട്‌പോലെ
സണ്‍മൈക്ക തിളങ്ങുന്നു.
ഡെക്കറിനൊത്ത പുതുകൌതുകങ്ങള്‍
ഇടം കാത്തിരിയ്ക്കുന്നു.

പുസ്തകമെല്ലാം
അട്ടത്തെ പെട്ടിയില്‍
ഭദ്രമാക്കിയിട്ടുണ്ടെന്നു മക്കള്‍ പറഞ്ഞു.

പെട്ടി തുറന്നപ്പോള്‍,
നിറഞ്ഞിരിയ്ക്കുന്നു
കാച്ചെണ്ണയുടെ മണമുള്ള
അസ്ഥിപന്ജരം!
   ----------

Monday, June 23, 2014

ചിക്കാഗോയില്‍നിന്നു സന്ദേശം

1 സിയേഴ്സിന്റെ മോളില്‍
മേഘത്തോടയാള്‍ മനംനൊന്തു:-
മേഘമേ
അവള്‍ക്കു വിസ നിഷേധിച്ച
എംബസിക്ക്മേല്‍ അറഞ്ഞുപെയ്ത്
മുക്കിക്കൊല്ലേണമേ.
അവളുടെ മുടിയിഴകളില്‍
എന്‍റെ മണം അലിഞ്ഞ നീര്‍ക്കണങ്ങള്‍
കോര്‍ത്തിട്ട് ഈ സന്ദേശമേകണമേ.

പ്രിയേ
ഷാമ്പൂവില്‍ എരിയുന്ന മൂക്ക്
കാച്ചെണ്ണ്‍യുടെ കുളിരിനു കൊതിക്കുന്നു.
രാസവളങ്ങള്‍ ചവര്‍ക്കുമ്പോള്‍
പൂവിതളില്‍
നോവാതെ കടിയ്ക്കാന്‍ മോഹം.
മലകളിടിഞ്ഞു വീണ്
മൂക്കും വാക്കും മുട്ടുമ്പോള്‍
താമരമൊട്ടുകളുടെ ഓര്‍മ്മയില്‍
നാക്കു തരിക്കുന്നു.
താഴ്വാരത്തിലേക്ക് അലറിയിറങ്ങുന്ന
പതവെള്ളത്തില്‍
പൊന്തിക്കിടക്കാന്‍ പണിയവേ
ചിറ്റൊഴുക്കിലുലയും
പുല്ത്തണ്ടിന്റെ ഓര്‍മ്മ വിതുമ്പുന്നു.
കണ്ണാടിവാതിലില്‍ തിങ്ങിയ
മക്ഡോണാള്‍ട് മണം
മനംപിരട്ടുമ്പോള്‍
പിഴുപിളിയോര്‍മ്മ
നാവു നനയ്ക്കുന്നു.

എനിക്കിവിടെ സുഖംതന്നെ.
ഉം.........മ്മ.
     -----------
1 ലോകത്തില്‍ ഏറ്റവും ഉയരമുള്ള  കെട്ടിടങ്ങളില്‍ ഒന്ന്. ചിക്കാഗോയില്‍.

Sunday, June 22, 2014

പിറ്റ്സ്ബര്‍ഗില്‍ ഒരു ശാലിനി

വിസിറ്റിംഗ് വിസയില്‍
അഛനെത്ത്തിയപ്പോള്‍
ശാലിനി:-
"അതേ നിങ്ങളിനി
സ്റ്റീല്‍ഗ്ലാസില്‍ കഴിച്ചാ മതി."
"ഉം?........."
"അയ്യോ അച്ഛന്‍ !"

കേബിളില്‍ പാതിരാഫിലിമിന്റെ
നീല മൂളലും ഞരക്കവും
വല്ലാതുയരുമ്പോള്‍
റിമോട്ടെടുക്കുന്നു ശാലിനി..........
പിറ്റ്സ്ബെര്‍ഗിലെ അമ്പലത്തില്‍
ഹനുമാനെച്ചൂണ്ടി
"മമ്മാ ബൌ ബൌ"ന്ന് പറയുന്ന കുഞ്ഞിന്‍റെ
വാ പൊത്തുന്നു ശാലിനി............

ചീറിപ്പായുന്ന
എക്സ്പ്രസ്സ്‌ ലെയിനുകള്‍ക്കിടയില്‍
നീളന്‍മുടിയും, സെറ്റുമുണ്ടും
ഒരുമിച്ച് ഒതുക്കാന്‍
കൈകള്‍ തികയാതെ
കഷണിക്കുന്നു
പിറ്റ്സ്ബെര്‍ഗില്‍ ഒരു ശാലിനി.
       -------------

അല്ലെര്‍ജി

ദേഹമാസകലം ചൊറിയുന്നു ഡോക്ടര്‍.
കമ്പിളി ഉറത്തിയിട്ടുറക്കം മുറിയുന്നു
കാര്‍പെറ്റ് പറത്തുന്ന പോടിയെറ്റ് തുമ്മുന്നു.
ബര്‍ഗര്‍ കാണുമ്പോഴെന്‍
കുടലുകള്‍ പിണങ്ങുന്നു
തൊണ്ടയില്‍ പെര്ഫും കുത്തി
ഇടവിട്ടു ചുമയ്ക്കുന്നു
ഭാഷ തിരിയാതെന്റെ
ഉള്ളാകെ പൊള്ളുന്നു.
തലച്ചോറു ചൊറിഞ്ഞിനിയെല്ലാം
തച്ച്ചുടയ്ക്കുവാന്‍
തോന്നുമോന്നാണിപ്പോഴെന്‍ പേടി.

ഉഷ്ണമേഖലക്കാര്‍ക്ക് ഉള്ളോരല്ലര്‍ജിയാ
ഇതിനില്ല മരുന്നൊന്നുമിന്നേവരെ.
മൈനോരിറ്റിതന്‍
പ്രശ്നമാകയാല്‍ ഇതിനൊക്കെ
പ്രതിവിധി തിരയുന്നതും
ലാഭമുള്ള ഏര്‍പ്പാടല്ല.
സൈക്കോസോമാറ്റിക്കാ
വേണ്ടാതുള്ള
ചിന്തകള്‍ ഒഴിവായാല്‍
ഒത്തിരി സുഖപ്പെടും.
പണ്ടത്തെക്കാര്യങ്ങള്‍
മറക്കാന്‍ ശ്രമിക്കണം.
ചര്യകളൊക്കെ തെല്ലു
മാറ്റുവാനൊരുങ്ങണം.
തണുപ്പത്തു മുണ്ടുടുത്തിറങ്ങാതിരിയ്ക്കണം.
ടൈയും, കൊട്ടും, ബൂട്ടും
എപ്പൊഴും ധരിയ്ക്കണം.
വെറുംവായില്‍ നാറുന്ന
വാക്കുകളകറ്റുവാന്‍
സോഡയും, ചൂയിംഗ്ഗമ്മും
നന്നെന്നാണനുഭവം.
വീക്കെന്‍ഡില്‍ ഔട്ടിങ്ങിനു
പോകണം ഇടയ്ക്കിടെ.
1 അറ്റ്‌ലാന്റിക് സിറ്റിയും
ഗുണം ചെയ്യാതിരിക്കില്ല.

മാനസത്തിനൊത്തു
താമസം മാറ്റാത്തവര്‍
താമസത്തിനൊത്തു
മാനസം മാറ്റീടുക.
    ---------
1 ഒരു ചൂതുകളി നഗരം. 

Friday, June 20, 2014

1 ഏരകപ്പുല്ലുകള്‍

ഈ നാടിന്‍ ഗര്‍ഭത്തില്‍
ഇരുമ്പുലക്കകള്‍ കാലിട്ടിളക്കുന്നു.
മൂക്കുമുട്ടെയുറക്കം കഴിഞ്ഞ്
കൈ തരിക്കുന്നു.
നഖങ്ങള്‍ കൂര്‍ത്ത്
വിരലിനേക്കാള്‍ നീളുന്നു.
ഇന്റെര്‍നെറ്റിന്റെ നീലയില്‍
സൂര്യന്‍ മരിയ്ക്കുന്നു.
വാക്മാന്‍ കോര്‍ത്ത കാതില്‍
കാറ്റു പാടുന്നില്ല.
സ്ക്രീനില്‍ തുറിച്ച് ഇറുമ്മുന്ന
പല്ലിന്‍ തടവില്‍
ഇളകുന്നില്ല നാവുകള്‍.
ബാറിന്റെ മൂടാപ്പില്‍
ഇല്ല അക്ഷരങ്ങള്‍.

തഴയ്ക്കുന്നു ഏരകപ്പുല്ലുകള്‍
ശബ്ദവേഗപ്പാച്ചില്‍
തൊടാത്ത മണ്ണില്‍.
ആള്‍പൊക്കമെത്തിയ
കുഴല്‍ത്തണ്ടുകള്‍ ഇളകിയാടുന്നു,
ബാഗ്ദാദിലും, കോസവോയിലും
2 കൊളറാഡോയിലും ഒപ്പമൊപ്പം!
           ---------------
1 യാദവര്‍ ഇരിമ്പുലക്കയുടെ പൊടിയില്‍നിന്നു മുളച്ച 
ഏരകപ്പുല്ലുകള്‍കൊണ്ട് തമ്മില്‍ ത്തല്ലി നശിച്ചു.

2 ൧൯൯൮ ല്‍ കൊള റാഡോയില്‍  കൊളംബയിന്‍ ഹൈസ്കൂളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍, കൂട്ടുകാരെയും അധ്യാപകനെയും വെടിവെച്ചു കൊന്നു. വെറും രെസത്തിന്.

Thursday, June 19, 2014

വേറെ വേറെ ചിന്തിക്കുമ്പോള്‍

1 കൊളംബയിന്‍ ഹൈസ്കൂള്‍
ലൈബ്രറി ഹാളില്‍
അക്ഷരങ്ങളെ തഴുകിയിരുന്ന
സാറിനെയും സഹപാഠികളെയും
ആര്‍ത്തു ചിരിച്ചു കാഞ്ചി കളിച്ചു
ചോരച്ചരടില്‍ കോര്‍ത്തിട്ട കുട്ടിക്ക്
എന്തെങ്കിലും കുഴപ്പം?..............

ഹേയ്, പെര്ഫെക്ടലി നോര്‍മല്‍.
പണത്തിനു പണം, തടിക്കു തടി
നിറത്തിനു നിറം
ഒറ്റ മകന്‍.............
അച്ഛനും അമ്മയ്ക്കും
വേറെ വേറെ
ബംഗ്ളാവുകള്‍, കാറുകള്‍,
ബാങ്കുകള്‍, കാര്‍ഡുകള്‍,
കൂട്ടുകള്‍..............
ധൈര്യത്തിന്
ലൈസന്‍സുള്ള തോക്കുകളും
വേറെ വേറെ.

പിന്നെന്താ ആ കുട്ടിക്കു
വേണ്ടീര്‍ന്നെ?

ഞങ്ങളെല്ലാം
വേറെ വേറെ ചിന്തിച്ചിട്ടും
ഒരു പിടീം കിട്ടുന്നില്ല!
     -------------
1 കൊള റാഡോയിലെ കൊളംബയിന്‍ ഹൈസ്കൂളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍, ആര്‍ത്തു ചിരിച്ചു കൊണ്ട് 
സഹപാഡികളെയും അദ്ധ്യാപകനെയും വെടിവെച്ചു  കൊന്നു.

Wednesday, June 18, 2014

അലബാമയില്‍നിന്ന് ആശയുടെ ഈ മെയില്‍

ആഴ്ചയിലാഴ്ചയില്‍
ഫൊണിലൂടാശമോള്‍
ഞങ്ങളേയൊക്കെപ്പുണര്‍ന്നു.
കാണാത്ത നാടിന്‍റെ
കേള്‍ക്കാത്ത വാര്‍ത്തകള്‍
ഞങ്ങളിലേക്കു പകര്‍ന്നു.

ഇന്നലെയെത്തിയ
ഫോണ്‍കുശലത്തില്‍,
ഡിഗ്രികള്‍ നേടിയ
നീഗ്രോ യുവാവിനെ
ആശമോള്‍ പരിണയം ചെയ്തു.
നേരിട്ടു സ്കയിപ്പിലൂടെത്തിയിരുവരും
ആശംസയര്‍ഥിച്ചു നിന്നു.

നീറിപ്പുകയുമാകുല ചിന്തകള്‍
ഞങ്ങള്‍ ആശയ്ക്കുമുന്നില്‍ നിരത്തി:-
നിനക്കായി പണ്ടേ
മുത്തശ്ശിയേല്പ്പിച്ചോരു
ഒഡിയാണമാര്‍ക്കു നല്‍കേണ്ടു?
ഇരുപതു വര്‍ഷമായ്
ഓരോ മണികളായ്
ഞങ്ങള്‍ ഒരുക്കിയ
നിറപറയെന്തു ചെയ്യേണ്ടു?

കിട്ടി
അലബാമയില്‍നിന്നീമെയില്‍ ഉടനടി:-
ഒഡിയാണമഴിച്ച് പണിഞ്ഞായിരം
കെട്ടുതാലിപ്പൊന്നൊരുക്കാം.
അലങ്കാരനിറപറ കൊട്ടി വിതറുക
ഏറുമ്പുകള്‍ക്കഷ്ടിയാകട്ടെ.
          --------------

Tuesday, June 17, 2014

നയന്റിനയന്‍ നയന്റിനയന്‍

അളിയാ നോക്ക്
സ്പെഷ്യല്‍ ഓഫര്‍
വെറും തൊണ്ണൂറു ഡോളര്‍ !
തൊണ്ണൂറല്ല മോനേ, നൂറാ
പിന്നെ ടാക്സോണ്ടാവും വേറെ.

ഛെ. ഇതിനൊക്കെയെവിടാ ടാക്സ്?

ഉം......ഉം.....ചെല്ലുംപോഴറിയാം.

അളിയാ. ഈസി  ഇന്‍സ്റ്റാള്‍മെന്‍റ് ഒണ്ടത്രേ!

ശരിയാ.......ആദ്യം പലിശ പിടിക്കും
പിന്നെ മൊതല്.
തവണ മൊടങ്ങിയാ
കയ്യാങ്കളിയുമാവും.

                  2
എന്ടളിയാ
നീ പറഞ്ഞതായിരുന്നു ശരി.........
അതിനൊന്നുമൊരു
കുറവുമുണ്ടായില്ല
ശെരിക്കുള്ള രസീതും തന്നു.
പക്ഷേ , അതിനെടെയവളുമാര്
പോക്കറ്റു തപ്പിയതറിഞ്ഞില്ല..........
ഐഡീം ക്രെഡിറ്റ്‌ കാര്‍ഡും ഒക്കെ
പിന്നേമൊണ്ടാക്കാം.
എന്‍റെ അമ്മച്ചീടെ
ആകെയോണ്ടാരുന്ന ഫോട്ടോ.......!
           -------------

Monday, June 16, 2014

പൊള്ളുന്ന മഞ്ഞ്

പൊങ്ങിപ്പരക്കുന്ന
പാല്‍ക്കടല്‍പോലെ മഞ്ഞ്.
പുല്‍പ്പരവതാനിയും
വീട്ടതിരുകളും
മേല്‍ക്കൂരകളും
കുറ്റിച്ചെടികളും
ചില്ലകളും
കവിഞ്ഞൊഴുകുന്ന
വെള്ളസമുദ്രം.

രാത്രി മുഴുവന്‍
പോഴിഞ്ഞിറങ്ങിയതാണിത്
പിഞ്ഞിപ്പറക്കുന്ന പഞ്ഞിപോലെ
തരിക്കുമോളില്‍ തരിയായി
ഇഴയ്ക്ക്മോളില്‍ ഇഴയായി
എന്നെ പൊതിഞ്ഞുകഴിഞ്ഞു
വെള്ള വാല്‍മീകം.
സൂഷ്മ സുഷിരങ്ങളിലൂടെ
കൂര്‍ത്ത സൂചിത്തണുപ്പ് തുളയ്ക്കുന്നു
നെഞ്ചിലെ ഈര്‍പ്പമുറഞ്ഞു വിങ്ങുന്നു
കണ്ണും കാതും മൂക്കും മരിക്കുന്നു.

അലറുന്ന വെയിലില്‍
വെന്തുരുകിയപ്പോള്‍
മോഹിച്ചിരുന്നു............
പക്ഷേ
പൊള്ളുന്ന
വെണ്മയാണെന്നോര്ത്തില്ല
ഈ മഞ്ഞ്...........!
     ------------

Sunday, June 15, 2014

പൊയ്പ്പോയ പാതി

ടീവിക്ക് മുന്നില്‍
ആനസോഫയില്‍
പാതിയഴിഞ്ഞ ടൈ
പാതിയൂരിയ കോട്ട്
ഷൂസ് ഒന്ന് കാര്‍പെറ്റില്‍
പാതിയെരിഞ്ഞ സിഗരറ്റ്
പാതി കുടിച്ച കോക്ക്
നാക്കുരുട്ടി പാതി മറച്ച ഭാഷ
പാതി വരണ്ട തൊലി
പാതി ചുരുണ്ട മുടി
സമൃദ്ധിയുടെ രക്തക്കൂറില്‍
പാതി വെളുത്ത..............

മൂന്നു പതിറ്റാണ്ട് അമേരിക്കന്‍ വെള്ളത്തില്‍
മുങ്ങിക്കുളിച്ച മാത്തുക്കുട്ടിയുടെ
മാഞ്ഞുപോയ പാതിയെച്ചൊല്ലി
വേവലാതിയോടെ
വിസിറ്റിംഗ് വിസ നീട്ടല്ലേന്നു
വാശി പിടിക്കുന്നു
വല്യപ്പച്ചന്‍.
-----------

Friday, June 13, 2014

മഞ്ഞിലുയര്‍ന്ന മലയാളി

മഞ്ഞറഞ്ഞു പെയ്യുമെന്ന
പ്രവചനം കേട്ടോടി
നേരത്തെ വീടെത്തി
ഭാര്യയോടൊപ്പമൊരു
പെഗ്ഗും മൃഷ്ടാന്നവും
കഴിഞ്ഞപ്പോള്‍
പുല്‍ത്തകിടി മൂടി
തൂവെള്ളപ്പഞ്ഞിക്കംബളം.
ചക്ക്രവാളത്തോളം
നനുത്ത വെണ്ണക്കല്ലില്‍ക്കടഞ്ഞ മഞ്ഞ്.

അതിമൃദുലമിളം ചൂടുവെള്ളക്കിടക്ക.
കംഫര്‍ട്ട്ര്‍ , ഫേസ് ക്രീം
കൂര്‍ക്കതാളങ്ങള്‍.............

അലാറം ചെവി തുളച്ചപ്പോള്‍
കണ്ണാടി ജനലിലൂടെക്കണ്ടു;
മഞ്ഞ് അലങ്കൊലപ്പെട്ടിരിക്കുന്നു.
വീശിയെറിഞ്ഞ വലപോലെ
ചോരത്തുള്ളികള്‍ , നഖവരകള്‍.............

ഇവിടെ എന്തൊക്കെയോ നടന്നിരിക്കുന്നു!
ഞാന്‍ ഉറക്കത്തിലായിരുന്നു.
അസമയത്ത് ഉണരാന്‍ പാടില്ലല്ലോ
പ്രവാസി!
---------------- 

Thursday, June 12, 2014

#ഇന്നലെ.......... ഇന്ന്

............ഹെലോ !
അമ്മാവിയല്ലേ?
ഇത് ഞാനാ
ന്യൂ യോര്‍ക്കീന്ന്‍........

അയ്യോ! എത്ര നാളായെന്റെ മോനേ!

തീരെ സമയമില്ലമ്മായീ.

നിന്റെ പഠിത്തമൊക്കെക്കഴിഞ്ഞോ മോനേ?

ഇല്ലമ്മായീ
ഇനിയുമുണ്ട് ഒരു വര്‍ഷം.
ദേവിക്ക് ഹാപ്പി ബെര്‍ത്ത് ഡേ
പറയാന്‍ വിളിച്ചതാ.
പുള്ളിയെവിടെ?

അയ്യോ മോനേ
പുറന്നാളുണ്ടിട്ട്
അവളിന്നലെത്തന്നെ പോയി.
ലീവില്ലവള്‍ക്ക്.

പുറന്നാളിന്നല്ലേ? തേടിന്?

തേടിന്നലെയല്ലാരുന്നോ മോനേ?
ഇക്കുറി അവളുടെ കല്യാണോമൊറപ്പിച്ചു.
കൂടെ ജോലിയൊള്ള............

ഫോണ്‍ മുറിഞ്ഞു.
ഇന്നലെ.........ഇന്ന്!
     ----------

#ഇന്ത്യക്കും അമേരിക്കയ്ക്കുമിടയില്‍ സമയ വ്യത്യാസമുണ്ട്. ഇവിടെ പകലാവുമ്പോള്‍ അവിടെ തലേന്ന് രാത്രിയാവും.

സിറാക്യുസിലെ ശിശിര സൂര്യന്‍

കറുത്ത മണ്ണും കരിമേഘവും
കരുവാളിച്ച മുഖങ്ങളും മടുത്ത്
വെണ്മ തേടി കുളിര്‍മ തേടി
വിശന്നോടിയെത്തിയതീ
മഞ്ഞിന്‍ വെളുപ്പില്‍.

കൂട്ടിത്തിരുമ്മി രക്തം പൊടിഞ്ഞ
കൈവെള്ളയാല്‍ താടി താങ്ങി
ചേര്‍ത്തടച്ച ജനലിലൂടെ കണ്ടു ;
മഞ്ഞില്‍ കുളിച്ച വിണ്ണും മണ്ണും മരങ്ങളും........
വെളുത്തു തുടുത്ത നാട് !

മഞ്ഞിനെത്തിളക്കുന്ന
സൂര്യന്‍ ചോദിക്കുന്നു
"മേ ഐ ഹെല്‍പ്?"
എന്തുദാരത! എന്തൊരു വിനയം!
നനവൂറുന്ന കമ്പിളിയൂരി എറിഞ്ഞ്
ചെരുപ്പും താക്കോലും മറന്ന്
ഓടിയിറങ്ങവേ
വാതില്‍ സ്വയമടഞ്ഞു പിന്നില്‍.
പതിയിരുന്ന ശീതക്കാറ്റിന്റെ
കനലുകള്‍
വേട്ട നായ്ക്കളായ് പൊതിയവേ
മേഘങ്ങള്‍ക്കിടയില്‍ ഒളിച്ച
സൂര്യന്‍ ആശംസിക്കുന്നു:-
"ഹാവെ നൈസ് ഡേ!"
       __________

Monday, May 26, 2014

1 രാമവരയില്ലാത്ത അണ്ണാറക്കണ്ണന്‍

മുറ്റത്ത്
തടിച്ചു കൊഴുത്തൊരു അണ്ണാറക്കണ്ണന്‍.
മിനുപ്പുള്ള മേനി വളച്ച്
തല വെട്ടിച്ച്
കരിമ്പിന്‍ പൂക്കല വാലിളക്കി
വാല്‍നട്ട്കായകള്‍ തുപ്പിത്തുപ്പി...........
"നമ്മടെ നാട്ടിലെ അണ്ണാനെത്ര ചെറുതാ
ഇതൊരു പൂച്ചേപ്പോലൊണ്ട്."

"തിന്നുവല്ല
വെറുതേ കടിച്ചു തുപ്പുവാ!"

ഞങ്ങളെ
കണ്ട ഭാവമില്ലാതെ
രണ്ടു കാലില്‍ പൊന്തിനിന്ന്
കൂട്ടുകാരികളുടെ ചുണ്ടില്‍
മാറിമാറി മുത്തമിട്ട്‌
പുറംകേറി മറിയുന്നവന്‍.

മുഖം തുടുത്ത ഭാര്യ
മോളെ അകത്തേക്കയച്ചു;
"ഇതുങ്ങക്കൊരു  പെടീമില്ല
നമ്മടണ്ണാനാച്ചാല്‍
ആളനക്കം കേട്ടാലോടും."
(അതെയതെ
ഇണയുടെ പുറകെ ഇലമറവിലൂടെ!)

"ദാ നോക്ക്യേ  കണ്ടോ?
 ഇതുങ്ങക്ക് പൊറത്ത് വരയില്ല.
ശ്രീരാമാവര!"
    ------------

1 അമേരിക്കയില്‍ അണ്ണാന്‍റെ പുറത്ത് വര കാണുന്നില്ല. 

Sunday, May 25, 2014

വെളിച്ചെണ്ണയുടെ നാറ്റം

1 ലാസ് വെഗാസില്‍
ഡോളറിരട്ടിച്ച വീക്കെന്റില്‍
മസാജുകാരിപ്പെണ്ണ്
നാറ്റം നടിച്ച നാള്‍തൊട്ട്
ക്രീമുകള്‍ തേച്ചു മണക്കുന്ന മകനേ
കാറ്റുകേറാതെ
ചേര്‍ത്തടച്ചമ്മച്ചിയിത്ര നാള്‍
കരുതി വെച്ചെത്തിച്ച വെളിച്ചെണ്ണ
നിനക്ക് നാറ്റമാകുമീ
നാട്ടിലെത്തുമ്പോഴെന്നൊട്ടും
നിനച്ചില്ല ഞാന്‍.

കണ്ട ക്രീമൊക്കെ തേച്ചാല്‍
ക്യാന്‍സര്‍ വരുമെന്ന്
ടീവിയില്‍ കണ്ട നാള്‍  തൊട്ട്
ഉറക്കവുമൊട്ടു വരുന്നില്ലല്ലോ
മക്കളേ!
      ----------------

1 ചൂതുകളിക്ക്  പേരുകേട്ട സ്ഥലം 

Saturday, May 24, 2014

1 രാജനുണ്ട് ന്യൂ യോര്‍ക്കില്‍

മുമിയാ
നീയെന്‍റെ രാജന്‍.
അന്യായത്തിന്റെ ചൂടില്‍ അക്ഷമം
തിളച്ചു പൊന്തിയ യുവരക്തം.

അസമയം എന്നവര്‍ക്ക് തോന്നിയടത്തൊക്കെ
അഭിമാനം തല പൊക്കിനിന്ന
ലൂയിമ
നീയും.

നാല്പത്തൊന്നു
ലോഹമുള്ളുകളാല്‍ ക്രൂശിത
നിര്‍ദ്ദോഷ താരുണ്യം
അമടു
നീയും.

കൊച്ചു പെങ്ങള്‍ വിളമ്പിയ അത്താഴം
കഴിച്ച് ഉല്ലസിച്ച് വരുംവഴി
ഇരുണ്ട നിറം കെട്ടി വലിച്ചിഴച്ച
ജെയിംസ്
നീയും.

വെളുപ്പിന്റെ ഹുങ്ക്
തെരുവില്‍ ഉരിഞ്ഞരച്ച മനസാക്ഷി
റോഡ്നി
നീയും.

നീയും നീയും നീയും.............
നീയുമെന്‍ രാജന്‍.

അധികാരം
കാമം തീര്‍ക്കാന്‍
കുത്തിക്കീറിയ നിറധമനി നീ.
ധാര്‍ഷ്ട്യം കുലച്ച ലിംഗത്തിന്റെ
പ്രഹരമേറ്റ്‌ മുറിപ്പെട്ടവന്‍
വീശി അടിച്ചും ഉരുട്ടിയും
വലിച്ചകറ്റി കടത്തിയും
ചതച്ച
പച്ചമാംസ ത്തുടിപ്പു നീ.

രാജന്‍,
എന്‍റെ പൊന്നേ
ലോഹതണുപ്പ്
കാണാമറയത്തടച്ച
നീയെവിടെ? എവിടെ?

വേട്ടപ്പുക മണക്കുമീ
നഗര കാന്താരത്തില്‍
തേടിത്തളര്‍ന്നോരീ ഏട്ടനെ
ചുമലില്‍ താങ്ങേണ്ട നിന്നെ
കാണാതെങ്ങനെ മടങ്ങേണ്ടു ഞാന്‍?

നിന്‍റെ പേരു ജെപിച്ച്
ഇരുട്ടില്‍പ്പരതി
നാവു വരണ്ടിരിക്കുമാ
വൃദ്ധദമ്പതികളോട്
ഇനിയുമെന്ത്
ആശ്വാസ വാക്കു
പറയേണ്ടു ഞാന്‍?!
   -------------

1 മുമിയ, ലുയിമ, അമടു, ജയിംസ്, റോഡ്നി - അമേരിക്കന്‍ സമൂഹത്തില്‍ ഇന്നും അകാരണമായി വേട്ടയാടപ്പെടുന്ന കറുത്ത വര്‍ഗത്തിന്റെ പ്രതിനിധികള്‍.































Friday, May 23, 2014

വരയന്‍കുതിരകള്‍ ലഹരി കഴിക്കുന്നത്‌

ഇന്ത്യാ ഡേ പരേഡില്‍
1 മാഡിസണ്‍ അവന്യുവില്‍
വരയന്‍ കുതിരകള്‍
ഒന്നിച്ചു കൂടി.
മൈക്രോവേവ് വിളമ്പിയ
മസാലദോശയും, സമോസയും കഴിച്ച്
സില്‍ക്ക്കുര്‍ത്തയുടെ ബട്ടണ്‍ അയച്ച്
ചുറ്റും നോക്കി അടക്കമോതി.
2 കേട്ടില്ലേ ?
"വെള്ളക്കുതിരകള്‍
അശ്വമേധം തുടരുന്നു
കറുത്തോരെയൊക്കെ
ചവുട്ടി മെതിയ്ക്കുന്നു."

"അതിനു നമുക്കെന്താ?
നമ്മള്‍ വെളുത്തല്ലേ;
വെളുപ്പില്‍ കറുത്ത ഭംഗി വരയുള്ള
( തലയുയര്‍ത്തി നടക്കുന്ന )
സുന്ദര സീബ്രകള്‍!"

" അതോ
കറുപ്പില്‍ വെള്ള വരയുള്ള
മൃഗങ്ങളോ? "

ഛെ. ഫോര്‍ഗെറ്റ്‌ ഇറ്റ്‌ !

അവര്‍
ലഹരിപ്പുല്ലുകള്‍
വാരി വലിച്ചു ചവ്യ്ക്കുന്നു;
എല്ലാമൊന്നു മറന്നു കിട്ടാന്‍!
          ---------------

1 മാന്‍ഹട്ടനില്‍ ഇന്ത്യാ ഡേ പരേഡ് നടത്താറുള്ള നീളന്‍ തെരുവ്.
2അമേരിക്കന്‍ മനസാക്ഷിയില്‍ ഇപ്പോഴും പ്രശ്നമാണ് തൊലിനിറം.

Thursday, May 22, 2014

ന്യുയോര്‍ക്കില്‍ രണ്ടു ടൂറിസ്റ്റുകള്‍

മാനത്തു മണ്ണുമുട്ടിക്കും
അംബരചുംബികള്‍.
കാലത്തെ ശലഭങ്ങളാക്കുന്ന
മ്യുസിയങ്ങള്‍.
തുള്ളിത്തുടിക്കുന്ന
1 വില്ലേജ് ,
ബ്രോഡ് വേ,
ലൈബ്രറികള്‍,
പുസ്തകശാലകള്‍.............

കാഴ്ച്ചക്കടലൂറ്റിക്കുടിക്കുവാന്‍
ഓടിത്തിരിയുമ്പോള്‍
ഉറക്കെ അതിശയിച്ചു ഞാന്‍
"കണ്ടിട്ടില്ലെന്നോ
മൂന്നു പതിറ്റാണ്ടിവിടെക്കഴിഞ്ഞ
നിങ്ങളീയമൂല്യ
നഗര കാഴ്ച്ചകള്‍ ഒന്നുമേ?!"

ചെറു ചിരിയോടെന്റെ ആതിഥേയന്‍
ചോദിച്ചതിനുത്തരം
"മുന്നണി പടയാളിക്കെന്തു
വഴിയോരക്കാഴ്ച സര്‍?!
ടൂറിസ്റ്റ് ആയി വന്നിവിടെ
കഴിഞ്ഞു സ്വയം ഒളിച്ചേറെനാള്‍
പിന്നെ
ഇമ്മിഗ്രന്റായി
സിറ്റിസനായി
കവാത്ത് ചവിട്ടിയിത്ര നാള്‍
പിള്ളേരെ
ഒരു നിലയ്ക്കാക്കുവാന്‍.

ഇനിയെനിക്കൊന്നു നീന്തിക്കുളിക്കണം
അച്ചന്‍കോവിലാറ്റിന്‍ കടവില്‍
അടിച്ചു നനയ്ക്കണം
ഈ കൂറയൊക്കെ
ബാറസോപ്പൊട്ടിച്ച കല്ലില്‍.
നടുവൊന്നു നീര്‍ത്തണമെനിക്കാ
ചക്കരമാവിന്‍ ചോട്ടില്‍.........."

"ഏതച്ചന്‍ കൊവിലാറെ"ന്ന
ചോദ്യമുള്ളിലടക്കി ഞാന്‍!
        ---------------
1.ഗ്രീന്‍വിച്ച് വില്ലേജ് - കലാകാരന്മാരുടെയും , എഴുത്തുകാരുടെയും വിഹാരരംഗം.






















Wednesday, May 21, 2014

പാല്‍പ്പായസം

അമ്പലത്തീന്നെന്താണിത്ര വൈകിയേ ?
ഉണ്ണിയിപ്പം വിളിച്ചതേ ഒള്ളു
വാഷിംഗ്ടണീന്ന്.
അവന്‍റെ വയലിന്‍ കൊടുത്തയയ്ക്കാന്‍
തട്ടുംപൊറത്ത് ഒണ്ടത്രേ.
ഷൂസുകള്‍ കൂട്ടിയിട്ട കോണില്‍
ടീവീടെ കാര്‍ഡുബോര്‍ഡ് പെട്ടിക്കു പിന്നില്‍
നമ്മുടെ പൂച്ച പെറ്റ് കിടക്കാറുള്ള..............
ബോ മാത്രമേ പൊട്ടിയിട്ടൊള്ളത്രേ
സാധകം നിര്‍ബന്ധിച്ച ദേഷ്യത്തിന്
അനിയത്തിയെ അടിച്ചപ്പോഴെന്നൊക്കെ
നല്ല ഓര്‍മ്മയവന് !
ഞാനും അതുതന്നെ ചോദിച്ചു.
അവിടാവുമ്പം നല്ല ഇറ്റാലിയന്‍ വയലിന്‍.........
ഇതില്‍
അച്ഛനും അപ്പൂപ്പനും വിരലോടിച്ചതല്ലേ
നാലു വര്‍ഷം അവനുമുണ്ടല്ലോ
കൈത്തഴക്കമെന്നാ പറഞ്ഞേ.
പായസം
അവന്‍റെ പൊറന്നാളിനാന്നു പറഞ്ഞപ്പൊഴാ
നാളിനെക്കുറിച്ച് ഇഷ്ടന്‍ ഓര്‍ക്കുന്നെ!

താനാ പൊക്കമുള്ള സ്റ്റൂളിങ്ങെട്
ഞാനൊന്ന് കേറാം തട്ടുംപൊറത്ത്.
ബീപ്പീം ഷുഗറും പോയ്ത്തുലയട്ടെ.
നല്ല പാല്‍പ്പായസം!
       -------------------

Tuesday, May 20, 2014

ന്യൂജേഴ്സിയില്‍ രണ്ട് ചൂണ്ടക്കാര്‍

വസന്തം.
പൂത്തുലഞ്ഞ ചെറിമരങ്ങള്‍ക്കിടയിലൂടെ
വടിവൊത്ത, തെളിവൊത്ത
കുഞ്ഞരുവി.

ഫിഷിംഗ് റോഡുകള്‍ ഏന്തിയ
അച്ഛനും മകനും അക്കരെ.
ഓര്‍മ്മകളില്‍ ഒഴുകിയിളകി
ഞാനിക്കരെ.

അച്ചന്‍‌കോവില്‍ ആറ്റില്‍
ഈറ്റക്കമ്പിന്‍ തുമ്പില്‍
കൈതച്ചരടില്‍ കോര്‍ത്ത
ചീനിപ്പൊങ്ങ് തത്തിക്കളിച്ചു.
പെട്ടെന്ന്
ചീനിപ്പൊങ്ങ് ഇളകിത്താന്നു.
ചൊറുക്കോടെ വലിച്ചിട്ട മീന്‍
നിലത്തു കിടന്നു പിടച്ചു.
(ബാഗ്ദാദില്‍ വീണ പ്രതിമപോലെ.)

ഞാന്‍ കയ്യടിച്ചത്
അച്ഛനും മകനും രസിച്ചു.
ആദ്യമായി ഞങ്ങള്‍ സംസാരിച്ചു.
അവിടെ പകല്‍ ഇവിടെ ഇരവെങ്കിലും
ഇര
അവിടെയും ഇവിടെയും
മണ്ണില്‍നിന്നു തന്നെ
എന്നൊക്കെച്ചിരിച്ചു.

ഇതിനിടെ
മകന്‍,
പിടയ്ക്കുന്ന മീനിനു നോവാതെ
ചൂണ്ടയൂരി
ചോര കൈലേസുകൊണ്ടൊപ്പി
മുട്ടോളം വെള്ളത്തിലിറങ്ങി
മെല്ലെ ഒഴുക്കി വിട്ടതുകണ്ട്
ഞാന്‍ അതിശയിച്ചു:-
"ഞങ്ങള്‍ ചൂണ്ടയിടുന്നത് കഴിക്കാനാണ്."

"ഹ.ഹ... ........ ഞങ്ങള്‍ രസിക്കാനും!"
            -----------------













Monday, May 19, 2014

സബ് വേയില്‍ ഇറങ്ങിയ സേതുലക്ഷ്മി

വൃത്തികെട്ട കറുപ്പില്‍
നനവു കിനിയുന്ന സബ് വേ;
നരകത്തിലേക്ക് നീളുന്ന തുരങ്കം പോലെ.
വീഥിയുടെ വര്‍ണത്തിരക്കില്‍നിന്നു
പടികളിറങ്ങുമ്പോള്‍
വിജനതയുടെ ഉള്‍ക്കിടിലം.
നിമിഷങ്ങള്‍ മരണത്തരികള്‍.

കറുത്ത കട്ടിച്ചരടില്‍
അകറ്റിക്കോര്‍ത്ത
മങ്ങിയ പളുങ്കുപോലെ സ്റ്റേഷന്‍.
വെട്ടമാകെ കുടിച്ചു ലെക്കറ്റ്
കറമ്പന്‍ തൂണുകള്‍.
ലോഹങ്ങളില്‍ ചുറ്റിക മേടുന്ന
എക്സ്പ്രസ്സ്‌ ട്രെയിനുകള്‍.
ഇരുള്‍ചീളുന്ന ദൂരനിലവിളികള്‍.
അരൂപിയായ യെമകിങ്കരന്റെ ആജ്ഞപോലെ
അനൌണ്‍സ്മെന്റുകള്‍.

ഈ വിളക്കെങ്ങാന്‍ കണ്ണുചിമ്മിയാല്‍
തൂണുകളുടെ കാണാക്കൈകളെന്‍റെ
പാവാടക്കുത്തില്‍............
യെക്ഷിപ്പനച്ചോട്ടിലെ
എല്ലും മുട്ടവുമായി............

സൂര്യ വെട്ടമേ
ഈ വിസ കീറിക്കളഞ്ഞ്
ആയപ്പാച്ച്ചില്‍ വെടിഞ്ഞ്
ഞാനിതാ തിരിച്ചു വരുന്നു,
നിന്നിലേക്ക്‌
നിന്റെ
ഉദയ സൌമ്യതയിലേക്ക്
ഉച്ചപ്പൊള്ളലുകളിലേക്ക്!
    --------------------

Sunday, May 18, 2014

അമേരിക്കന്‍ ക്യാലറി

എണ്‍പതുകാരന്‍ പൌലോസ്കി
വിധവമകള്‍ക്കൊപ്പം
തൊട്ടടുത്ത അപ്പാര്‍ട്ടുമെന്റിലാണ്.
എങ്കിലും
അകം കണ്ടിട്ടില്ല ഞങ്ങള്‍ അന്യോന്യം.
സ്നേഹക്കുറവാണെന്നു കരുതേണ്ട.
പുറത്തിറങ്ങുമ്പോള്‍ പൂത്തുലയുന്ന
'ഹായും', 'ബൈയും'
വാതില്‍ക്കല്‍ വീണു കുന്നായിട്ടുണ്ട്.
സ്നേഹഗാനങ്ങള്‍ക്ക്
ഫോണ്‍ ഉണ്ട്, നെറ്റുണ്ട് .

ഇന്നലെ
പുറത്തു പോയ് വരുമ്പോള്‍
പൌലോസ്ക്കിയുണ്ട്
താഴത്തെ കോണിപ്പടിയില്‍
ചടഞ്ഞു കിടക്കുന്നു!
കാലു മുറിഞ്ഞു ചോര,
കയം നികന്ന കണ്ണുകളില്‍ പീള.
നരയും നഖവും നീണ്ട്
ചുളിഞ്ഞ കൈകള്‍ മൊരിഞ്ഞു തൂങ്ങി............
ആദ്യമായാണ് അമേരിക്ക ഇത്ര തൊട്ടുതൊട്ട്.
താരനും നരയും വെളുത്തു തന്നെ
പീള മഞ്ഞ തന്നെ
ചോര ചുവപ്പു തന്നെ.

താങ്ങിയെടുത്ത്
പതിനെട്ടാം പടിയിലെത്തിച്ചപ്പോള്‍
ശബ്ദം കേട്ടു വന്ന മകള്‍
തന്തയെ തെറിയില്‍ കുളിപ്പിച്ച്
പേഴ്സ് തുറന്ന് എന്നോടലിഞ്ഞു:-
" ഹി ബോതേര്ട് യു !
ഹൌമച്ച് ഐ ക്യാന്‍ പേ യു?
ഹൌമച്ച്?"

ഉള്ളു നൊന്തു.
കുളിമുറിയില്‍ തെന്നി വീണ മുത്തശനെ
ആശുപത്രിയില്‍ എത്തിച്ചതും
ബലി തീരുംവരെ
ലോസ്സോഫ്പേയില്‍
അവധി നീട്ടിയതും ഒക്കെ ഓര്‍ത്തു.

അമേരിക്കക്കാര്‍
ക്യാലറി നോക്കി സ്നേഹിക്കുന്നു;
മെലിയുന്നു.
നമ്മളോ
അജീര്‍ണത്താല്‍
വലയുന്നു!
---------------






















Saturday, May 17, 2014

ടെക്സാസിലെ ചക്കരച്ചി

ടെക്സാസില്‍ പറിച്ചുനട്ട
എലുമ്പു മാവിന്‍ തൈ
ഒക്കെ ഓര്‍ത്ത്ഓര്‍ത്ത്
ഒത്തിരി ദിവസം കുനിഞ്ഞുനിന്നു.
മജ്ജ പൊള്ളുന്ന മഞ്ഞത്ത്
കൂനിക്കൂടി ഇരിക്കുമ്പോള്‍
കുന്നേലെ ചുവന്ന സൂര്യനേയും
ചെരിഞ്ഞ മഴയേയും ഓര്‍ത്ത്
പിന്നേയുംകുനിഞ്ഞു.

മഞ്ഞു പോയി
വസന്തസൂര്യന്‍ തൊട്ടു തലോടിയപ്പോള്‍
മെല്ലെ കണ്ണുകളുയര്‍ത്തി.
കോള ഒരിത്തിരി മൊത്തി.
വെണ്ണയും ചീസും ചേര്‍ത്ത്
ചിക്കന്‍ സൂപ്പും ഒരിത്തിരി.............
പിന്നെ ടപ്പേന്ന് തഴച്ചു തളിര്‍ത്ത്‌
ഒത്ത ചക്കരച്ചിയായി!
ചില്ലകള്‍ പൂത്തുലഞ്ഞു.
കനികള്‍ തിങ്ങിത്തുടുത്തു.

                  2
വെക്കേഷന്
കുഞ്ഞച്ചന്‍ കൊണ്ടുവന്ന
മാമ്പഴം തൊട്ടുതടവി
കുന്നേലെ വല്യമ്മാമ്മ ശങ്കിച്ചു:-
ഇതിനെന്തൊരു മുഴുപ്പും മണോമാടാ!
നമ്മടെ ചക്കരച്ചി തന്നാന്നോടാ?
നമ്മടേന്‍റെ മതിരമൊണ്ടോടാ?
            ----------------


Friday, May 16, 2014

വെളുത്ത കറമ്പി

1ടൈം സ്കൊയര്‍ ചുറ്റിക്കാണും വേളയില്‍
ഒന്നു ചൊറിഞ്ഞവള്‍ ചൊല്ലി.
" നോക്കാക്കറമ്പിയെ !"

തെരുവു നിറഞ്ഞു തുളുമ്പി വരുന്നു
കറുപ്പില്‍ കെട്ടിയ തെയ്യം പോലൊരു രൂപം.
ഉച്ചിയില്‍ ഒരുപിടി
കെട്ടി ഉലര്‍ത്തിയ മുടിയും
ചുണ്ടു ചുവപ്പിച്ച്
ഒത്തിരി വാരിപ്പൂശിയ മുഖവും
മൂക്കിനു മുന്നില്‍ മുന്തിയ മുലകളും
ആഞ്ഞാല്‍ പൊട്ടും പാന്റിന്‍ തുണ്ടും.
ഉന്തിത്തള്ളി  വരുന്നു.
ഒരു കയ്യില്‍
പെരിയൊരു പെപ്സിക്കുപ്പിയും
ഒന്നില്‍ വലിയൊരു
ബര്‍ഗര്‍ത്തുണ്ടും.

"അമ്മേ ഇതെന്തൊരു ജന്മം!"

ഇതുതാന്‍ പൊന്നേ
നമ്മള്‍
കടലിന്നിക്കരെ
കണ്ടു ഭ്രമിച്ച്ചൊരു പച്ച നിറം.

ഇനി ഞാന്‍ പറയാം
കാണാന്‍ പോന്നൊരു പൂരം.
നാളെ ജനിച്ചു വളര്‍ന്നു തഴയ്ക്കും
നമുക്ക് വെളുത്തൊരു രൂപം.
വെളുത്ത കറമ്പി!
------------------

1 ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു പ്രധാന സന്ദര്‍ശക സ്ഥലം.

























Thursday, May 15, 2014

**മിത്തി

എന്‍റെ പേര് മിത്തി.
ചന്തമുള്ള പെണ്ണിന്
ചന്തമുള്ള പേരെന്ന്
ഗ്രാമം.

രണ്ടായി പിന്നിയ ചുരുള്‍മുടിയും
മാറത്ത് അടുക്കിയ ഭാണ്ഡവുമായി
മാമന്‍റെ തഴമ്പിച്ച കൈ പിടിച്ച്.............
അയാള്‍ നഗരമായിരുന്നു.
നഗരച്ചാളയില്‍
തഴമ്പിനടിയില്‍ അമര്‍ന്ന്
എന്‍റെ നിലവിളി
ആരും കേട്ടില്ല.
കേട്ടാലും കേട്ടില്ല.

എന്‍റെ എയിഡ്സിന്
മരുന്നില്ലെന്ന്
മുന്‍സിപ്പല്‍ വിദഗ്ധര്‍
വിധിച്ചപ്പോള്‍
ഞാന്‍ ആകെ കറുത്ത് വികൃതയായി
ജലജീവികളുടെ മുട്ട കറുത്ത് വിരിയാതായി.

ഏന്തി ഇഴഞ്ഞെത്തിയ എന്നെ
മോളെയെന്നു കെട്ടിപ്പിടിക്കുന്നു
അറബിക്കടല്‍.
മിത്തിക്ക് വല്ലാത്ത നാറ്റമെന്നു
നഗരം!
---------------
**മുംബയില്‍ , പരിസരദൂഷണംകൊണ്ട് 
കറുത്ത് നാറുന്ന നദി 

Wednesday, May 14, 2014

ദക്ഷിണ

കന്യാട്ടുകുളങ്ങരെ നിന്ന്
പറയെടുപ്പ്.
അമേരിക്കയില്‍ നിന്നെത്തിയ
ഒറ്റമകളും കുട്ടിയും
നോക്കി നില്‍ക്കെ
ഞാന്‍ പറയിട്ടു;
നഗ്ന പാദനായി
അര്‍ദ്ധനഗ്നനായി
ചന്ദനം തൊട്ട്
തുളസിയില ചെവിപ്പുറകില്‍ ചൂടി
കൈ കൂപ്പി............

പത്തില്‍ പഠിക്കുമ്പോള്‍
അമ്മയുടെ
വലിയൊരാഗ്രഹമായിരുന്നു...........
ഇടം തിരിഞ്ഞുനിന്ന്
അന്നതു നിരസിച്ചു.

സ്വര്‍ണം പൂശിയ ജീവതയില്‍
ദേവിയില്ല.
എന്നിട്ടും ഇന്ന് പറയിട്ടു.
കര്‍പ്പൂരപ്പുക
കൈക്കുമ്പിളില്‍ കോരി മണത്തു.
വാളിന്‍തുമ്പത്തെ ഭസ്മം തൊട്ടു.
ദക്ഷിണ കൊടുത്തു.

അമ്മയുടെ പടം ചിരിച്ചു!
---------------------

Tuesday, May 13, 2014

കാര്‍ത്തിക് കാംബ്ളിയുടെ ചരിത്രം

കാംബ്ളിയുടെ ചരിത്രം
തുടങ്ങുന്നത് അപ്പൂപ്പനിലാണ്,
ചെരുപ്പുകുത്തിയായിരുന്നു അങ്ങോര്‍.
ചതുര്‍വേദിയുടെ തുടക്കം
വേദങ്ങളില്‍ ആണത്രേ
പലിശക്കാരായിരുന്നു അവര്‍.

ഇരുവരുടെയും അപ്പൂപ്പന്മാര്‍
നഗരത്തിലേക്ക് കുടിയേറിയത്
വിഭജന കാലത്താണ്.
പണ്ടങ്ങളുടെ ഭാണ്ഡവുമായി
ചതുര്‍വേദി കഫ്പരെടിലും
തോല്ത്തുണ്ടുകളും
കൂടും കുടുക്കയുമായി
കാംബ്ളി  ഗോവണ്ടിയിലും.

ചതുര്‍വേദിയുടെ തുടക്കം
ആക്രിയിലായിരുന്നു.
കാംബ്ളിയുടെത്
തേഞ്ഞ ചെരുപ്പിലും...........
ചതുര്‍വേദികളുടെ വെച്ചടി
കൊണ്ക്രീറ്റിലായി.
കാംബ്ളിയുടെത്
തേഞ്ഞ ചെരുപ്പിലും.........
കോണ്ക്രീറ്റ്, യാഗാശ്വം പോലെ
നഗരമാകെ പടര്‍ന്നു.
തേഞ്ഞ ചെരുപ്പ് ഒച്ചുപോലെ
ഗോവണ്ടിയിലും...........

ഒരു പൌര്‍ണമി ദിനത്തില്‍
ഗോവണ്ടിയില്‍
ഇറങ്ങി വന്നു ചതുര്‍വേദി.
കാംബ്ലിമാരൊക്കെ
ഏക്കെ ഫോര്‍ട്ടി സെവെന്‍
തൊട്ടു തൊഴുത്‌
ഒപ്പിട്ടു കൊടുത്തു.
കാര്‍ത്തിക് ഇടം തിരിഞ്ഞു നിന്നു:-
" എന്‍റെ ചരിത്ര ഭൂമിയാണിത്‌
ചരിത്രത്തിന് പണമല്ല
വീട് വേണം."
വൈര മോതിര ക്കൈകള്‍
സൗമ്യമായി നീണ്ടുവന്നു
കാംബ്ളിയുടെ തോളിലിരുന്നു:-
"മേരെ ഭയ്യാ
നീ നിന്‍റെ ചരിത്രം എഴുതിക്കോളൂ
തെല്ലു ദൂരെ കല്‍വയില്‍."

കാംബ്ളി അട്ടയെപ്പോലെ
തട്ടിമാറ്റി മോതിരക്കൈ.
കറന്റു പാഞ്ഞു..........!
കാംബ്ളിമാര്‍ കല്‍വയിലേക്കു മാഞ്ഞു!

നിമിഷം കൊണ്ട്
ഗോവണ്ടിയുടെ ചരിത്രം തിരുത്തി
ബുള്‍ഡോസ്സര്‍.
കാര്‍ത്തിക്കിന്റെ കുടില്‍ മാത്രം
നിലാവില്‍ തിളങ്ങി.


൨
അടുത്ത അമാവാസിയില്‍
വീണ്ടും വന്നു ചതുര്‍വേദി.
കാംബ്ളിയുടെ ചരിത്രം
ചാരമായി മിത്തിയില്‍ ഒഴുകി!
------------------

























Monday, May 12, 2014

ആട്ടിന്‍കുട്ടിയും ചെന്നായും

ആട്ടിന്‍കുട്ടിയെ
ആശുപത്രിയില്‍
(ചെന്നായ് മണത്തറിയാതെ )
കാണാന്‍ ചെന്നവര്‍ :-
സിംഹമാണെങ്കില്‍ മിന്നല്‍ പോലാ.
മുതല പാമ്പ് മുതലായവ
ആഴത്തിലുടെയും
കെട്ടിവരിഞ്ഞുമൊക്കെയാവും.
രണ്ടായാലും കമാന്ന് കേള്‍ക്കില്ല.

ചാടി വീഴും മുമ്പ്
ചെന്നായ് നിനക്ക്
ഷോക്കാസു തന്നല്ലോ.

നിന്റെ കുഴപ്പം എന്താണന്നോ?
തറുതല!
പ്രാക്ടിക്കല്‍ അല്ല തീരെ...........

ആട്ടിന്‍കുട്ടി:-
ഒഴുക്ക് മോളീന്നല്ലേ?
ഞാന്‍ നിന്നത് താഴെ ആണെല്ലോ
അയാള്‍ മോളിലും............

"പൊന്നനിയാ
ഞങ്ങളെറങ്ങുന്നു!"
---------------

Sunday, May 11, 2014

പഴവങ്ങാടി ഗണപതിസമക്ഷം

തേങ്ങ അടിച്ചിരുന്നു
ആണ്ടു പരീക്ഷയുടെ തലേന്ന്; ഒന്ന്.
ചിതറുന്ന ചീളുകള്‍
മത്സരിച്ചു പെറുക്കി
കാര്‍ന്നു തിന്നിരുന്നു.
തെറിക്കുന്ന തുള്ളികളില്‍ ഒന്നോ രണ്ടോ
ചുണ്ടില്‍ മധുരിച്ചിരുന്നു.
പൊങ്കാലയുടെ ഫ്ളെക്സുകള്‍
ചെങ്കതിരുകളെ മറച്ചിരുന്നില്ല.

പവര്‍ ഡ്രൈവുകള്‍ തിങ്ങി ഞെരുങ്ങുന്ന
ഇന്ന്
ചെറു ചീളും തെറിച്ചു പോകാതെ
ചാക്കുകളില്‍ ആക്കുന്നുണ്ട്‌.
ചിതറി പാഴാകാതെ തുള്ളികള്‍
കല്‍പ്പാത്തിയിലുടെ
കള്ളിലേക്ക് പകരുന്നുണ്ട്.

പൊട്ടാന്‍ വിങ്ങുന്ന
തേങ്ങ(ലു)കള്‍
സെക്കണ്ടില്‍ ആയിരം.

ആണ്ടു പരീക്ഷ ആണിപ്പോള്‍
എന്നും!
----------

Saturday, May 10, 2014

അമ്മ

എന്റമ്മ
കഞ്ഞി വിളമ്പി വെച്ചു
നട്ടുച്ച ആക്കിയിരുന്നു അര്‍ദ്ധ രാത്രികള്‍.
കേട്ടു ബൂട്ടെന്നു ഞെട്ടി ഉണര്‍ന്നവള്‍.
പതുങ്ങി പിന്‍വാതില്‍ ചാരി എത്തുമ്പോള്‍
ചോറായ് , മഷിയായ്
നിറവായവള്‍.
കുത്തഴിഞ്ഞ താളുകള്‍
ഈറന്‍ വറ്റ്കൊണ്ട് ഒട്ടിച്ച് ഏകിയോള്‍.

ഇന്നെന്‍റെ മകന്‍റമ്മ
ഇന്റെര്‍നെറ്റിന്റെ നീലയെന്ന്
പെഗ്ഗൊന്നു കൂടിപ്പോയാല്‍ ബൈക്കെന്നു
ഉള്ളു പൊള്ളുന്നവള്‍.
കേട്ടു ബൂട്ടെന്നോടി
ബാല്‍ക്കണി തുറക്കുന്നവള്‍.

വേര്‍പ്പില്‍ അലിഞ്ഞ
പെര്ഫ്യുമില്‍
പെണ്ണ് ഉണ്ടോന്ന് മണക്കുന്നവള്‍.
വിസ വീശിപ്പറന്നെന്ന്
ഞെട്ടി ഉണരുന്നവള്‍.

അമ്മ. അമ്മ.
-------------

Friday, May 9, 2014

കള്ളന്‍ ചക്കേട്ടു

"കള്ളന്‍ ചക്കേട്ടു
കൊണ്ടത്തിന്നോട്ടെ
കണ്ടാമിണ്ടണ്ട
കള്ളന്‍ ചക്കേട്ടു........"
നാടോടിപ്പക്ഷികള്‍ പാടിപ്പറക്കുന്നു
നാട്ടുകാര്‍ക്കൊക്കെയും നാണക്കേടായ്.

ചക്കച്ചുളയും ചവുണിയും
കണ്ടെടുത്ത് ഒക്കെ
വിതരണം ചെയ്യുവാനായ്
നാട്ടിന്നരചന്റെ കൊട്ടാര വാതിക്കല്‍
നാട്ടുകാരൊക്കെ തടിച്ചുകൂടി
ആളും ബഹളവും കണ്ടിട്ടരചനും
കയ്യും കലാശവും കാട്ടുന്നുണ്ടേ.
വാതോരാതെന്നും പ്രസംഗിച്ചു ശീലിച്ച
നാക്കെന്തേ ഇങ്ങനെ താന്നു പോകാന്‍?

തിരുവായ വലിച്ചു തുറന്നവര്‍ കണ്ടതോ
ചക്കയരക്കും ഒരു ചുളയും മാത്രം!
നിലയ്ക്കാതൊഴുകും വെര്‍പ്പിന്റെ ഗംഗയില്‍
പാവം അരചന്‍ കുളിച്ചു പോയി.
നാട്ടിന്നരചന്റെ പാവത്തം കണ്ടിട്ട്
നാട്ടുകാരാകെ അലിഞ്ഞു പോയി.
പാവം ഒരു ചുള കടിച്ച്ചതിനു
ഇത്രയും താപം അനുഭവിക്കേണ്ടത് ഉണ്ടോ?

നാട്ടുകാര്‍ ആര്‍പിട്ടു നാട്ടിന്നരചനെ
സിംഹാസനത്തില്‍ കയറ്റി വെച്ചു.
നാവേറെ നീണ്ടുള്ള നാടോടി പക്ഷിയെ
നാട്ടുകാര്‍ കല്ലു പെറുക്കി ഓങ്ങി.

പക്ഷികള്‍ പിന്നെയും പാടിപ്പറക്കുന്നു
"ചക്കക്കുപ്പോണ്ടോ ?
കള്ളന്‍ ചക്കേട്ടു
കണ്ടാ മിണ്ടണ്ട!
കള്ളന്‍ ചക്കേട്ടു !!
----------------

Thursday, May 8, 2014

പ്രവാസിയുടെ ശകുനം

ശകുനപ്പെഴ കണ്ട്
തിരികെ വന്നിരുന്ന്‍
യാത്ര തുടരുമ്പോള്‍
കൊച്ചാട്ടന്‍ :-
നമ്മടെ അമ്പലക്കുളം നെകത്തി
ആനപ്പന്തിയാക്കി.
വിഴുപ്പ് അലക്കില്ലിപ്പോള്‍
അണ്ടനും അടകോടനും
പിരിവു തൊടങ്ങി
സ്വര്‍ണക്കൊടിമരം  ഒണ്ടാക്കാന്‍.
മൈക്ക്സെറ്റായി
വായന ഒണ്ട് മൊടങ്ങാതിപ്പോള്‍.
എന്തൊരു കുരിശാരുന്നു
പള്ളിക്കാരുടെ കൂക്കുവിളി.

നമ്മുടെ സ്കൂളിനുമായി മതിലും ഗേറ്റും
നൂണ്ടു വരില്ലിനി
തെണ്ടി പിള്ളേരെ
ഉച്ചക്കഞ്ഞി വിളമ്പുമ്പോള്‍.
അല്‍സേഷ്യന്‍ വന്നപ്പോള്‍ നിന്നൂ
മിറ്റത്ത് കൂടിയുള്ള വരത്ത്പോക്കുകള്‍.
പണ്ടത്തെ നാടല്ലിവിടെ
കഴിയാനിപ്പം പാടാ.

നമ്മടെ വടക്കെത്തൂടെ
ചട്ടീം കൊണ്ട് നടന്നോനോക്കേം...........
പൊറത്ത് ഒള്ള നിങ്ങക്ക് അറിയേണ്ടല്ലോ
ഇവിടെ ഒള്ലോരുടെ വെഷമങ്ങള്‍!

നിന്‍റെ മോടെ കാര്യം
കടപ്പാട് പറഞ്ഞിട്ടെന്താ
അളിയന്‍ ഒട്ടും അടുക്കുന്നില്ല.
അവള്‍ടെ വിക്ക് തന്നെ പ്രശ്നം.

ബെബിയടെ കല്യാണത്തിന്
അവധി ഇല്ലെങ്കി വേണ്ട.
വല്യ തൊകയല്ലേ
ഡ്രാഫ്റ്റ്‌ അയക്കുമ്പോള്‍
പതിവുപോലെ മറന്നെക്കരുത്
ക്രോസ് ചെയ്യിക്കുവാന്‍!
----------------------








Wednesday, May 7, 2014

പിന്‍വാതില്‍ ഇല്ലാത്ത വീടുകളില്‍

അന്നൊക്കെ
മൂപ്പിലാന്റെ കാര്‍ക്കിപ്പ്
മുറ്റത്ത് കേള്‍ക്കുമ്പോള്‍
താടി മാന്തി
മുലപ്പാലും മോന്തി
പിന്‍വാതിലിലൂടെ
ഞാന്‍ നൂണ്ടിരുന്നു.

ഇന്ന്,
എന്‍റെ മകന്‍
നൂറാം നിലയില്‍
മുന്‍വാതില്‍ക്കല്‍ നേരിടുന്ന കാര്‍ക്കിപ്പ്
എവിടെ തെറിക്കുമെന്ന് ഉഴറി
അടുക്കളയില്‍
വിങ്ങുന്നു മുലപ്പാല്‍.
------------------

ഇത്തിരി ഇടം

പൊട്ടിയ കളിപ്പാട്ടങ്ങള്‍
ചേര്‍ത്തുവെച്ചു കളിക്കുവാന്‍
ബാല്‍ക്കണിയുടെ കോണില്‍
ഇത്തിരി ഇടം.

മൂന്നു കരിവരകള്‍ക്ക് മുന്നില്‍
ബാറ്റു വീശുവാന്‍
ആണുങ്ങടെ ബോഗിയില്‍
സ്നേഹ പ്പെണ്ണിന്
കൈവലയ കവചമുണ്ടാക്കുവാന്‍
ആരാന്‍റെ ഫ്ലാറ്റിന്‍റെ
ഒറ്റമുറിയില്‍
സ്റ്റൊവും ബക്കറ്റും ഒതുക്കി
മധുവിധു വേര്‍പ്പിനാല്‍
പങ്ക നനയ്ക്കുവാന്‍
കാമക്കണ്ണുകള്‍ മൂടി
കുഞ്ഞിനെ ഊട്ടുവാന്‍

പാച്ചില്‍പ്പെരുംപറയില്‍
ഉള്‍ക്കാത് കൂര്‍പ്പിക്കുവാന്‍
ചോറിനു ചത്തു ജീവിച്ചതിന്റെ
അടയാളം കുറിക്കുവാന്‍

പെന്‍ഷന്‍ കസേര മടക്കിവെച്ചു
നാറ്റമാകാതെ മറയുവാന്‍
വേണം
ഇടം ഇത്തിരി ഇടം.
---------------

Tuesday, May 6, 2014

പോരും പ്രേമവും

രണ്ടിലും ഉണ്ട് ഉന്തും തള്ളും
മാന്തലും ആന്തലും
കൊള്ളകൊടുക്കലും
കടിപിടി അടിപിടി ഒക്കെ.

ഉണ്ട് രണ്ടിലും
തോല്ക്കുംന്ന്‍ പേടി.

പല്ലു കടിച്ചു പ്രേമവും
ചിരിച്ചു പോരുമൊത്താല്‍
ജയിച്ചു!
----------

നഗരമഴ

വേര്‍പ്പില്‍ക്കുഴഞ്ഞ നഗരം കഴുകി 
മൂക്കെരിച്ച പൊടി വടിച്ച് ഒഴുക്കി 
ചുട്ട ടെറസ്സില്‍ കുളിരായി 
നിറഞ്ഞു കവിഞ്ഞ്
മഴ. 

ചേരിക്കു ചുറ്റും 
ഇനിയില്ല താഴെ ഇടമെന്നറിഞ്ഞു
തളംകെട്ടിനിന്നു മുഷിഞ്ഞ്‌
കറുപ്പ് കലക്കി ഇളക്കി 
കുടിലിന്‍ പഴുതിലൂടെ അകത്തു കേറിപ്പെരുകി 
കുഞ്ഞിക്കണ്ണ്ഉം കാതും മൂക്കും 
മൂടിപ്പരന്ന്‍ 
ഓടയില്‍ ഒരു പാവയെപ്പോല്‍
അമ്മാനമാട്ടി
മഴ. 

അലമുറയ്ക്ക് മോളില്‍ 
ഉറക്കെപ്പാടി 
നഗരനാറ്റം മോന്തി
ലഹരിയില്‍ തലകുത്തി 
കൂപ്പു കുത്തുന്നു മഴ;
നഗരമഴ.
---------------

Monday, May 5, 2014

ബാക്കി

തലസ്ഥാനത്ത്നിന്ന് 
വെറും കയ്യോടെ.
ഭാര്യയുടെ പ്രൊമോഷനും 
മകന്‍റെ അത്മിഷനും ബാക്കി .
പെന്‍ഷനായതോടെ 
യൂസ്ലെസ്സ് ആയി എന്നത് 
ശരിതന്നെ ആവുമോ?

കടന്നു പോയ 
കണ്ടക്ടറോട് വീണ്ടും.
"സാറേ ബാക്കി "
ചെളി തെറിക്കുന്ന ഒരു നോട്ടം കിട്ടി.

ക്ഷീണവും കടല്‍ക്കാറ്റും
താരാട്ടു പാടി.
കടവായിലൂടെ 
ഉറക്കം ഒലിച്ചിറങ്ങി.
നാഗസ്വര മേളവും പട്ടുംപൊന്നും 
സദ്യ മണവും............

ഞെട്ടി ഉണരവേ
മകളുടെ കല്യാണം 
ഇനിയും ബാക്കി.
"ആള്‍ ഇറങ്ങണം "

തട്ടാതെ മുട്ടാതെ 
ചവിട്ടാതെ 
ബാഗിന്‍റെ പിടി വിടാതെ 
മുണ്ടിന്റെ കോന്തല കുരുങ്ങാതെ 
പൊടിക്കുപ്പി പോകാതെ 
ഹാവൂ!

മുണ്ടുമാടിക്കുത്തി 
നടക്കുമ്പോള്‍ 
അയ്യോ
എന്‍റെ ബാക്കി.
--------------

Sunday, May 4, 2014

പിള്ളേരെപിടുത്തക്കാരുള്ള കാലം

ലിഫ്റ്റിന്റെ ലാന്റിങ്ങില്‍ കളിക്കുന്ന
ചുന്തരിക്കുട്ടിയോട്
അമ്മ പേര് ചോദിച്ചു.
ഫ്രോക്കൊതുക്കിച്ചുരുങ്ങി അവള്‍ പറഞ്ഞു
നഹി ബെതാവൂന്ഗി.
തക്കാളിക്കോപം കണ്ട്
അമ്മ ചിരിച്ചു ; നഹി ബതാന!
അപ്പോള്‍ കൂട്ടുകാരില്‍ ഒരുത്തി:-
മേ ബെതാവൂം? ഐശ്വര്യ.
ചുന്തരിക്കുട്ടി അവളുടെ മുഖമടച്ച്
ഒറ്റയടി!

പോരുകൊഴികളെ വിട്ടു
പുറത്തേക്ക് നടക്കുമ്പോള്‍
അമ്മ എന്നോട് പറഞ്ഞു
കൊച്ചുന്നാളില്‍
നീയും വല്യ വയിശീല്യക്കാരിയായിരുന്നു
വെറുതെ ആരെങ്കിലും
പേരൊന്നു ചോദിച്ചാ മതി ...........
ഒരിക്കല്‍
അവധിക്കു വന്ന അമ്മാവന്‍ പറഞ്ഞു
ഈ പെണ്ണിന്റെ നാക്ക് സൂക്ഷിക്കണം
പിള്ളേരെ പിടുത്തക്കാരുള്ള കാലമാ!

എന്നിട്ടോ?
ഓ ......അന്നെങ്ങാണ്ട് ടീവീം മറ്റുമുണ്ടോ!
-----------------

Saturday, May 3, 2014

വാലും തലയും പിടി കിട്ടാത്ത നഗരം

എലുമ്പന്‍ സൂചിയില്‍
കണ്ണുകള്‍ കോര്‍ത്തും
അവില്‍പ്പൊതി
നെഞ്ചോട് ഒട്ടിച്ച് ചേര്‍ത്തും
പേര്‍സില്‍ മനസ്സിനെ
ഉറക്കമിളച്ച്ചും
തട്ടും മുട്ടും
കൊളളാതൊരു വക
മെയ്യഭ്യാസം ചെയ്തും
കോണികള്‍
താഴോട്ട് ഊര്‍ന്നിട്ടു
ആദ്യം കണ്ടൊരു
സെക്കന്‍ക്ളാസ്സില്‍
ഞാന്നു കിതച്ചു ;
എങ്ങോട്ടയ്യോ
വണ്ടിയിതെന്നേം കൊണ്ടോടുന്നു ?
നേരെതിര്‍ ദിശയില്‍!

വാലും തലയും
പിടി കിട്ടാത്തൊരു നഗരം.
_______________

Friday, May 2, 2014

നഗരശ്രുതി

ഞാനെന്‍റെ
പഴഞ്ചന്‍
ശ്രുതിപ്പെട്ടി
പൊടി തട്ടി
സ പ സ
പടാനിരുന്നു.

ടീവിയില്‍
ക്രിക്കെറ്റ് വിക്കെറ്റ് വീണെന്റെ
ശ്രുതിയാകെ മുക്കിക്കളഞ്ഞു.

കോളേജുകാരനാം പയ്യന്‍റെ
സ്റ്റീരിയോ പെയ്യുന്ന
റോക്കിന്റെ ചീളെന്റെ
കാതിന്റെ ഉള്ളം തുളച്ചു.

വേണ്ടാതെ
താഴത്തു വന്നൂന്ടു നോക്കുന്ന
ജെറ്റിന്റെ മൂളലില്‍
കട്ടകള്‍ നിന്ന് വിറച്ചു

പഴം പെട്ടി
പാടുന്നപശ്രുതിയെന്നു-
ഉറ്റൊരുമപ്പോള്‍
ശപിച്ചു.
---------

Thursday, May 1, 2014

വിസയും കാന്ചീപുരവും

വിസ കിട്ടിയ സന്തോഷം
തുള്ളിച്ചാടി
ജുഹു ബീച്ചില്‍..........

ഇരുണ്ട മാനക്കീഴില്‍
പടിഞ്ഞാറുനിന്ന്
മദാലസകള്‍ മുടിയഴിച്ച് ,
കലങ്ങിയ നീലക്കണ്ണില്‍
കുസ്രിതി നുരച്ച്
പാല്‍ച്ചിരി പതച്ച്
ആരവ സംഗീതത്തോടെ
നഗരത്തെ വാരിപ്പുണരാന്‍
മുമ്പേ മുമ്പേ.......
അവരിട്ടു പോയ
അടിയുടുപ്പില്‍
ക്രിക്കറ്റ് പിള്ളേരുടെ
റബ്ബര്‍പന്ത് കുരുങ്ങുന്നു........
കടല്‍ ഹരം
നനവെട്ടം
ഇക്കിളിക്കളികള്‍
ഫോട്ടോ ഫ്ലാഷുകള്‍.........

കല്യാണപ്പാന്ടു തെറുത്തുകേറ്റി
ഞാന്‍ പടിഞ്ഞാട്ടിറങ്ങി.
കരയ്ക്കുനിന്ന മാലിനി
എന്നെ ത്തടയുവാന്‍
കൈയുയര്‍ത്തി........
നിര്‍ബന്ധിക്കണ്ട
അവളിറങ്ങില്ല .
കാഞ്ചീപുരത്തിന്റെ തുമ്പൊന്നുയര്‍ത്തില്ല.

തള്ള വിരല്‍ ഉറപ്പിച്ചു
പിച്ചവെച്ച് ഇറങ്ങുമ്പോള്‍
ചിരിച്ച്ചലച്ച്
അര ചുറ്റി
മല പോലൊരു തിര.
കാലിന്നടിയില്‍ നിന്ന് ഊര്ന്നു പോകുന്ന മണ്ണ്
മാലിനി
ഓടി വന്ന് പിടിച്ചു കയറ്റി
ഈശ്ശോ..........ഇപ്പക്കൊണ്ടു പോയേനെ!

കാലില്‍ത്തടഞ്ഞ
റബ്ബര്‍ ഉറ തട്ടി എറിഞ്ഞ്
വീട്ടിലേക്കു നടക്കെ,
കരി മണ്ണ് ഇറ്റുന്ന കാഞ്ചീപുരം
ഉടന്‍ ഡ്രൈ വാഷിനു കൊടുക്കാന്‍ ഉറച്ചു.
അവളെന്തു ഉറച്ച്ചോ ആവോ
എന്റെ കല്യാണ പ്പാന്റിനെ പ്പറ്റി !!
_____________________









Wednesday, April 30, 2014

ആഗസ്റ്റ്‌ 15 - മരണം രണ്ട്

ആഗാസ്റ്റു 15 ന്
ആസാദ് മൈദാനത്തിന്റെ കോണില്‍
അടുത്തടുത്താണ്
ശവങ്ങള്‍ രണ്ടും കണ്ടത്.

പത്തിരുപതു വര്‍ഷം
വാതില്‍ മുറിക്കാത്ത അയല്‍ക്കാരായിരുന്നു
ഓഫീസ്  യാത്രയിലെ
ശീട്ട് കൂട്ടുകാര്‍.
തുറുപ്പ് എടുത്തിട്ടില്ല
തമ്മില്‍ ഒരിക്കലും.

ഒന്നാമന്റെ തൊണ്ടയില്‍
മൂത്രം നനഞ്ഞ ഇഷ്ടികക്കഷണം
തള്ളിക്കയറ്റിയതാണ്.
രണ്ടാമന്‍റെ കൊരവള്ളിയില്‍
മൂന്നു മുനയുള്ള മുള്ള്
ആഴ്ത്തിയിറക്കിയിരിക്കുന്നു.
വിശ്വാസങ്ങള്‍ക്ക് വേണ്ടിയാവണം
പിടിവലി ലക്ഷണം ഇല്ല.

എല്ലാരും ഒതുങ്ങിയപ്പോള്‍
ഒന്നാമന്റെ ഭാര്യ അടക്കം പറഞ്ഞു:-
"അങ്ങേരീയെടെയായി
മാറ്റട്ടെറച്ചി തീരെ നിര്‍ത്തിയിരിക്കുന്നു .
കൂട്ടുകൂടി
തെരുവോരത്തെ ഫ്രൂട്സാക്കിയിരിക്കുന്നു;
മൂന്നു മുനയുള്ള മുള്ളുകൊണ്ട്
കുത്തിക്കുത്തി."

രണ്ടാമത്തി :-
." അങ്ങോരാനെങ്കി
മുള്ളീട്ട് ഇപ്പോഴിപ്പോ
വെള്ളത്തിനു പകരം
ഇഷ്ടികക്കഷണം ആക്കീര്‍ന്നു."

പാഞ്ഞിരമ്പി കുലുക്കിപ്പറത്തിയ
ഡബിള്‍ ഫാസ്ടിട്ടു പോയ
ശൂന്യതയില്‍
അവരുടെ വിരലുകള്‍ കോര്‍ന്നു ;
നനകണ്ണുകള്‍ ഇടയാതെ
മണ്ണില്‍ കളിക്കുന്ന
മക്കളെ നോക്കി
വീഴാതെ!
-----------



Tuesday, April 29, 2014

കീറിയ കറന്‍സി

ബാങ്ക് തന്ന നോട്ടുകെട്ടില്‍
കീറനോട്ട്.

നോട്ടിതാരും തൊടുന്നില്ല
നോട്ടിനൊന്നും തരുന്നില്ല.
നാറ്റമുള്ള വായ നന്നായ്
മൂടിവെക്കാന്‍ പറയുന്നു.
ഭരണഘടന പൂട്ടി വെച്ചു
പാടു നോക്കാന്‍ പറയുന്നു.

ദൂരെയുള്ള റിസര്‍വ് ബാങ്കിന്‍
ക്യുവില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല
ദിവസം ഒത്താല്‍ സമയമില്ല
സമയം ഒത്താല്‍ ക്യു വലുപ്പം.
വോട്ടു ചെയ്ത കൂട്ടരൊക്കെ
നോട്ട് മാറ്റാന്‍ എത്തിയെന്നോ?

തോറ്റ ഞാനെന്‍ കീറനോട്ടൊരു  
കണ്ണു പൊട്ടന്‍ യാചകന്റെ
കേണു നീളും കൈയില്‍ വെച്ചു.

കുണ്ടു കണ്ണില്‍ ചേര്‍ത്തയാള്‍
കോടി സ്വത്ത് നേരുമ്പോള്‍
തെരുവു പയ്യന്‍ അത് റാഞ്ചി
പക്ഷി വേഗം പറക്കുമ്പോള്‍,
ഹോണ്ട സിറ്റി വന്നവന്റെ
ഉയിരെടുത്തോണ്ട് ഓടിപ്പോയ്.

കീറനോട്ടാ ടയറിന്റെ
പല്ലിടയില്‍ ഒളിക്കുന്നു.
ഞാനെന്റെ നേരെ കണ്ണിറുക്കി
ചുണ്ട് പൂട്ടി ചിരിക്കുന്നു.
_________________

Monday, April 28, 2014

യുദ്ധം

ഇന്ത്യാ പാകിസ്ഥാന്‍ ഏകദിനം .
മഞ്ഞു മലകളില്‍
പുകയുന്ന ക്ലോസപ്പ്‌ .
കപ്പടാ മീശകളുടെ മുഖത്ത്
ഹീറോയുടെ മുഷ്ട്ടി.
സ്വിം സൂട്ടിന്റെ മുഴപ്പ്
ഫ്രെഞ്ചി
മൈക് ടൈസന്റെ പല്ലില്‍
ചോര പൊടിയുന്ന ചെവിത്തുണ്ട്.

കയ്യില്‍ റിമോട്ട്
ചുണ്ടില്‍ സിഗരട്ട്
മുന്നിലൊരു സ്മാള്‍
മൊബൈല്---------
ആരാണ്ട്രാ പറഞ്ഞെ
യുദ്ധം ദുഖമാന്ന്‍
ഹേ !?
_________

Sunday, April 27, 2014

ഒറ്റച്ചിറകി

വസന്താകാശക്കീഴില്‍
പൂത്തുലഞ്ഞ
താഴ്‌വാര മുകളില്‍
വിടര്‍ന്ന്‍ ഒഴുകിയ
ചിറക് ഒന്നിതാ
മംമോഗ്രഫ്ഫിയും ലേസറും ചേര്‍ന്ന്
അരിഞ്ഞിട്ട് .
ചിരട്ട വേര്‍പെട്ട മണ്ണപ്പം
വേരറ്റു  വീണു.
വെടിയേറ്റ വിമാനം മൂക്കുകുത്തുന്നു.
ഒരു കണ്ണ് ചുഴഞ്ഞെടുത്ത് ഉണങ്ങിയ മുഖം
കണ്ണാടി ചിതര്‍ത്തുന്നു.
വസന്ത വനത്തില്‍
ഒരു മരക്കുറ്റി  പുകയുന്നു.

കടല്‍ക്കൊള്ള ഏറ്റൊരു
കല്‍പ്രതിമപോല്‍
ഞാന്‍
ഒറ്റച്ചിറകി
_______

ഗാന്ധിയും ഗാന്ധിജിയും

കഷണ്ടി,കണ്ണട
പല്ലു പോയ മോണ
ടോപലെസ്സ്
ധോത്തി
മെതിയടി, വടി ...........
മേക്കപ്പ് വെറും അര മണിക്കൂര്‍
ബാപ്പുു പറഞ്ഞതെന്തെന്നാല്‍.........
ചില്ലിട്ട ഫോട്ടോ, പ്രതിമ, രഘുപതി രാഘവ,
ഗാന്ധി സിനിമ...........
ഞാന്‍ ഗാന്ധിയാകും.

ആശ്രമം
അക്ഷരം, മഷിക്കുപ്പി,
സത്യാന്വേഷണം,
ഉപ്പ്,ലാത്തി,നിരാഹാരം, സത്യാഗ്രഹം,
കാല്‍നട,ദണ്ടി,
പല്ലു കൊഴിച്ച്ച മോണ.
മേക്കപ്പ് ഒരായുഷ്കാലം.

എനിക്ക് ഗാന്ധി ആകണ്ടായെ .
ഹേ റാം !
________