Friday, July 4, 2014

1 അന്‍സാരിയുടെ കൂപ്പുകൈ

കയത്തില്‍ പൊങ്ങിയ
പൂച്ചക്കണ്ണ് കലങ്ങി
കുത്തബ്ദീന്‍ അന്‍സാരി പറഞ്ഞു:-
"എങ്കിലും എന്‍റെ അശോകേ
നീയതു ചെയ്തല്ലോ;
കൂര്‍ത്ത കുന്തവുമേന്തി.........."

നനകണണകളോടെ
അശോക്‌ മോച്ചി കരഞ്ഞു:-
"എന്‍റെ കുദ്ദ്
നീയെന്നോടു പൊറുക്കു
എല്ലാറ്റിനും കാരണക്കാരന്‍
ആ കൊല്ലനാണ്,
എന്‍റെ കയ്യില്‍
കുന്തം തിരുകിയവന്‍.
ഞങ്ങള്‍
വെറും കരുക്കളായിരുന്നു."

അന്‍സാരിക്ക് അശോക്‌
ദാഹജലം നീട്ടി.
അശോകിന് അന്‍സാരി
ചുവന്ന റോസാപ്പൂവും.

അവര്‍ ആശ്ലേഷിച്ച്
ഒരുറച്ച ചുവടെടുത്തു;
കൊല്ലന്റെ നേരെ!
    -----------

1 ഗോധ്ര കഴിഞ്ഞ് ഒരു വാഴവട്ടത്തിനുശേഷം ൨൦൧൪ മാര്‍ച്ച് 3 ന് 
കുത്തബ്ദീന്‍ അന്‍സാരിയും അശോക്‌ മോച്ചിയും ഒരു വേദിയില്‍ 
അടുത്തടുത്തിരുന്നു.

Thursday, July 3, 2014

ആം ആദ്മി

ആം ആദ്മി പാര്‍ട്ടിയില്‍
നെറ്റിലൂടെ അംഗമായ
സംതൃപ്തിയോടെ
പതിവ് നടപ്പിനിറങ്ങി.

ഒന്നാംനിലയിലെ
ബാല്‍ക്കണിയില്‍നിന്ന്
മഞ്ഞനിറത്തില്‍
ഒരു കട്ടികഫം
മുന്നില്‍ ആഞ്ഞു പതിച്ചു.

കഫത്തില്‍പ്പെട്ട ഉറുമ്പ്‌
ഏന്തി വലിയുന്നതു കണ്ട്
തീവ്രമായി ദുഖിക്കുകയും
വെളുത്ത ഫാബിന്ത്യ ജുബ്ബയിലല്ലെന്ന്
ആശ്വസിക്കുകയും
ഒന്നാംനിലയില്‍ ജലദോഷം
കടുക്കാതിരുന്നെങ്കിലെന്നു
ആശിയ്ക്കുകയും ചെയ്ത്‌
നടപ്പു തുടര്‍ന്നു.

ചൂലീര്‍ക്കില്‍
ഉപയോഗിയ്ക്കാമായിരുന്നെന്ന്
ചിന്തിയ്ക്കുകയും ചെയ്തു.
        -------------

Wednesday, July 2, 2014

ദാക്ഷായണിയമ്മയുടെ അടുക്കള-3

കുട്ടികളുണ്ടായപ്പോഴായിരുന്നു
ദാക്ഷായണിയമ്മ
ജോലി വിട്ടത്.

ഓഫീസില്‍നിന്നു വന്നാല്‍
ഞാന്‍
റിമോട്ട് ഞെക്കി
ചാരുകസേരയില്‍.

ദാക്ഷായണിയമ്മ
പരക്കം പാഞ്ഞു
അടുക്കളയിലും
മാര്‍ക്കറ്റിലും
വിദ്യാലയങ്ങളിലും...........

ദാമിനി വന്നപ്പോള്‍
അടുക്കള എസിയായി.

അമ്മയുടെ ചിട്ടയാണ്
അച്ഛനു നന്നെന്നും
പിടിവാശി നന്നല്ലെന്നും പറഞ്ഞ്
കിടപ്പുമുറി സൌകര്യമാക്കി.
ഇന്‍സുലിനും അമിലോഡിപ്പിനും
കൃത്യമാക്കി.

കവിത വരുന്നതും കാത്ത്
നില്‍ക്കുന്നു ഞാന്‍ ജെനാലയ്ക്കല്‍.

റിമോട്ടു ഞെക്കി
ദാക്ഷായണിയമ്മ
ചാരുകസേരയില്‍.
   -----------

Tuesday, July 1, 2014

ദാക്ഷായണിയമ്മയുടെ അടുക്കള-2

പാല്‍ തിളച്ച് ഒട്ടുമേ തൂവാതിരിയ്ക്കുവാന്‍
കാവലായ് നില്‍ക്കുന്നു ദാക്ഷായണിയമ്മ.

വലതു കാല്‍വെച്ച്
ദാമിനി കയറിവന്നു.

നിലവിളക്കുഴിഞ്ഞു
ദാക്ഷായണിയമ്മ
താക്കോല്‍ക്കൂട്ടം ഏല്‍പ്പിച്ച്
പൂജാമുറിയില്‍ക്കയറി.

പൂജ കഴിഞ്ഞിറങ്ങിയപ്പോള്‍
1 താരാബായി
പിരിഞ്ഞു പോകുന്നതു കണ്ടു.
ഒപ്പം തന്‍റെ ഗ്യാസ് സ്റ്റോവ്വും!

അടുക്കള
എസിയാക്കിയിരിക്കുന്നു.
ഡിജിറ്റല്‍ ആക്കിയിരിക്കുന്നു.
ഇന്‍ഡക്ഷന്‍ കുക്കര്‍
മൈക്രോവേവ്
ഇങ്കുബേറ്റര്‍
ഹീറ്റര്‍, ഫ്രീസര്‍.............

പാദകത്തേല്‍
ഓടിത്തിരിയുന്ന
ഒരു റോബോട്ട്;
നുറുക്കാനറിയുന്ന
അരയ്ക്കാനറിയുന്ന
മണം നോക്കി പാകമറിയുന്ന
pHനോക്കി രുചിയറിയുന്ന
പാത്രം കഴുകിയുണക്കുന്ന
ചുണക്കുട്ടന്‍.

വെളുപ്പിനുണര്‍ന്നു
ശീലംപോലെ
തീപ്പെട്ടിയുരച്ചപ്പോള്‍
റോബോട്ട്
നിര്‍ത്താതെ അലമുറയിട്ടു.
ദാക്ഷായണിയമ്മ പേടിച്ചു

ദാമിനി ഓടിവന്ന്‌
'ഡോണ്ട് വറി മമ്മീ ' എന്നു പറഞ്ഞു.
         --------------

1 ജോലിക്കാരി 
















Monday, June 30, 2014

ദാക്ഷായണിയമ്മയുടെ അടുക്കള -1

പച്ച ചുവയ്ക്കുന്ന
സസ്യമാംസങ്ങളെ
തൂമധുരമാക്കുന്ന
തീനാളമുണ്ടതില്‍.
ചേരാന്‍ മടിയ്ക്കുന്ന
ചേരുവകളെ ച്ചേര്‍ത്തു
പൊരുത്തമൊരുക്കുന്ന
മൂര്‍ച്ചകളുമുണ്ടതില്‍.

മീനിന്‍റെ നാറ്റവും
ചേനചൊറിച്ചിലും
കയ്പയ്ക്കക്കുറുംപും
കരിയും, പൊടിയുമഴുക്കും, കൃമികളും
കഴുകിയൊഴിയ്ക്കും
നയധാരയുണ്ടതില്‍.
വേണ്ടാത്തിടങ്ങളില്‍
വീണു ചതഞ്ഞ കടച്ചക്ക
ചെത്തിമിനുക്കുന്ന
വാക്കത്തിയുണ്ടതില്‍.
ചെറുചൂടിലെന്തും
മയക്കിയൊരുക്കുന്ന
സ്നേഹസ്വരൂപികളെ-
ണണകളുണ്ടതില്‍.
തുംപപ്പൂവിറിത്തു
കുടഞ്ഞിട്ടു ചിരിയ്ക്കുന്നു
ചിരവയുടെ നിരയൊത്ത
കുഞ്ഞരിപ്പല്ലുകള്‍.
നാളേയ്ക്കു വിളമ്പുവാന്‍
നല്‍നാളിന്‍റെയോര്‍മ്മകള്‍
കാത്തു സൂക്ഷിയ്ക്കുന്നു
കൊണ്ടാട്ടഭരണികള്‍.

ചൂടേറുകില്‍
പൊട്ടിത്തെറിയ്ക്കുന്ന കടുകുണ്ട്.
കടിച്ചാല്‍ കരയിയ്ക്കും
കാ‍ന്താരിവീര്യവും.
ഗ്രാമ്പൂ,ഏലം, പൊതിന,യജിനമോട്ടോ,
സീവീഡ,സ്പരാഗസ്,
വാനില,സോസുകള്‍...........
ദാക്ഷാണിയമ്മയുടെ
ഉറ്റ ചെങ്ങാതികള്‍.

വന്നവരൊക്കെ
വിട വീശിയകലുംപൊഴും
ഉറ്റവരൊക്കെ
ഉള്ളിലുറക്കമാകുമ്പോഴും
പാല്‍ തിളച്ചൊട്ടുമേ
തൂവാതിയ്ക്കുവാന്‍
കണ്ണിമ ചിമ്മാതെ
കാലുകളിടറാതെ
കാവലായ് നില്‍ക്കുന്നു
ദാക്ഷായണിയമ്മ.
    ----------































Sunday, June 29, 2014

ദൈവത്തിന്‍റെ കണ്ണാടി

മധുരക്കനി സ്വദിച്ച്
ആദവും ഹവ്വയും
അര്‍മാദിച്ചിരിക്കെ
മുള്ളുകൊണ്ട് ഉള്ളം നീറി
ഉറക്കെ വിളിച്ചു.
ദൈവം
അവര്‍ക്ക് ഒരു കണ്ണാടി നല്‍കി.
സത്യം സത്യമായ് പറയുന്ന കണ്ണാടി.

അവര്‍ വഴക്കടിച്ചപ്പോള്‍
കണ്ണാടി വീണുടഞ്ഞു
ആയിരം തുണ്ടുകളായ്.

സത്യങ്ങള്‍ ആയിരമായ്.

ആദത്തിന്‍റെയും ഹവ്വയുടെയും മക്കള്‍
ആയിരം മതക്കാരായ്.

ഉടയുന്നിപ്പോള്‍ കണ്ണാടി വീണ്ടും
വീണ്ടും, വീണ്ടും................
     ------------ 

Friday, June 27, 2014

ചുണ്ണാമ്പു തൊട്ടവര്‍

നാലരവെളുപ്പിന്റെ ഇളംതണുവില്‍
തളര്‍ന്നു തലചായ്ച്ച് നഗരരാത്രി.
വിജനവിശാല വീഥി.
(തേരാപ്പാരാപ്പകലുകളില്‍ അറിഞ്ഞേയില്ല )
ഇവള്‍ക്ക് ഇത്ര മുഴുപ്പോ!
തുടച്ചു തീരാത്ത മേക്കപ്പുപോലെ
നഗരവെട്ടം.
വാടിയ പാലപ്പൂപോലെ
നഗരഗന്ധം.
ഇരുപുറവും മാണ്ടുറങ്ങുന്നു
മേക്കപ്പുകാര്‍,പക്കമേളക്കാര്‍, കോറസ്സ്കാര്‍.
എല്ലാവരുടെയും വിരലറ്റത്തുണ്ട്
ചുണ്ണാമ്പ്.

മൂന്നു പതിറ്റാണ്ടുമുമ്പ്
1 വീറ്റിയില്‍ വന്നിറങ്ങി
പകച്ചുനില്‍ക്കെ
ചിത്രത്തൂണില്‍ കാലുയര്‍ത്തി
ചാരിയൊരു
പെണ്ചിരിയോര്‍ക്കുന്നു ;
ചെരിഞ്ഞ ചിരി.
അന്നുമുതല്‍
എന്‍റെ വിരല്‍ത്തുമ്പത്തുമുണ്ട്
മായ്ച്ചാലും മായാതെ
ചുണ്ണാമ്പ്!
   ------------

വിക്ടോറിയാ ടെര്‍മിനസ് റയില്‍വേ സ്റ്റേഷന്‍