Monday, June 30, 2014

ദാക്ഷായണിയമ്മയുടെ അടുക്കള -1

പച്ച ചുവയ്ക്കുന്ന
സസ്യമാംസങ്ങളെ
തൂമധുരമാക്കുന്ന
തീനാളമുണ്ടതില്‍.
ചേരാന്‍ മടിയ്ക്കുന്ന
ചേരുവകളെ ച്ചേര്‍ത്തു
പൊരുത്തമൊരുക്കുന്ന
മൂര്‍ച്ചകളുമുണ്ടതില്‍.

മീനിന്‍റെ നാറ്റവും
ചേനചൊറിച്ചിലും
കയ്പയ്ക്കക്കുറുംപും
കരിയും, പൊടിയുമഴുക്കും, കൃമികളും
കഴുകിയൊഴിയ്ക്കും
നയധാരയുണ്ടതില്‍.
വേണ്ടാത്തിടങ്ങളില്‍
വീണു ചതഞ്ഞ കടച്ചക്ക
ചെത്തിമിനുക്കുന്ന
വാക്കത്തിയുണ്ടതില്‍.
ചെറുചൂടിലെന്തും
മയക്കിയൊരുക്കുന്ന
സ്നേഹസ്വരൂപികളെ-
ണണകളുണ്ടതില്‍.
തുംപപ്പൂവിറിത്തു
കുടഞ്ഞിട്ടു ചിരിയ്ക്കുന്നു
ചിരവയുടെ നിരയൊത്ത
കുഞ്ഞരിപ്പല്ലുകള്‍.
നാളേയ്ക്കു വിളമ്പുവാന്‍
നല്‍നാളിന്‍റെയോര്‍മ്മകള്‍
കാത്തു സൂക്ഷിയ്ക്കുന്നു
കൊണ്ടാട്ടഭരണികള്‍.

ചൂടേറുകില്‍
പൊട്ടിത്തെറിയ്ക്കുന്ന കടുകുണ്ട്.
കടിച്ചാല്‍ കരയിയ്ക്കും
കാ‍ന്താരിവീര്യവും.
ഗ്രാമ്പൂ,ഏലം, പൊതിന,യജിനമോട്ടോ,
സീവീഡ,സ്പരാഗസ്,
വാനില,സോസുകള്‍...........
ദാക്ഷാണിയമ്മയുടെ
ഉറ്റ ചെങ്ങാതികള്‍.

വന്നവരൊക്കെ
വിട വീശിയകലുംപൊഴും
ഉറ്റവരൊക്കെ
ഉള്ളിലുറക്കമാകുമ്പോഴും
പാല്‍ തിളച്ചൊട്ടുമേ
തൂവാതിയ്ക്കുവാന്‍
കണ്ണിമ ചിമ്മാതെ
കാലുകളിടറാതെ
കാവലായ് നില്‍ക്കുന്നു
ദാക്ഷായണിയമ്മ.
    ----------































Sunday, June 29, 2014

ദൈവത്തിന്‍റെ കണ്ണാടി

മധുരക്കനി സ്വദിച്ച്
ആദവും ഹവ്വയും
അര്‍മാദിച്ചിരിക്കെ
മുള്ളുകൊണ്ട് ഉള്ളം നീറി
ഉറക്കെ വിളിച്ചു.
ദൈവം
അവര്‍ക്ക് ഒരു കണ്ണാടി നല്‍കി.
സത്യം സത്യമായ് പറയുന്ന കണ്ണാടി.

അവര്‍ വഴക്കടിച്ചപ്പോള്‍
കണ്ണാടി വീണുടഞ്ഞു
ആയിരം തുണ്ടുകളായ്.

സത്യങ്ങള്‍ ആയിരമായ്.

ആദത്തിന്‍റെയും ഹവ്വയുടെയും മക്കള്‍
ആയിരം മതക്കാരായ്.

ഉടയുന്നിപ്പോള്‍ കണ്ണാടി വീണ്ടും
വീണ്ടും, വീണ്ടും................
     ------------ 

Friday, June 27, 2014

ചുണ്ണാമ്പു തൊട്ടവര്‍

നാലരവെളുപ്പിന്റെ ഇളംതണുവില്‍
തളര്‍ന്നു തലചായ്ച്ച് നഗരരാത്രി.
വിജനവിശാല വീഥി.
(തേരാപ്പാരാപ്പകലുകളില്‍ അറിഞ്ഞേയില്ല )
ഇവള്‍ക്ക് ഇത്ര മുഴുപ്പോ!
തുടച്ചു തീരാത്ത മേക്കപ്പുപോലെ
നഗരവെട്ടം.
വാടിയ പാലപ്പൂപോലെ
നഗരഗന്ധം.
ഇരുപുറവും മാണ്ടുറങ്ങുന്നു
മേക്കപ്പുകാര്‍,പക്കമേളക്കാര്‍, കോറസ്സ്കാര്‍.
എല്ലാവരുടെയും വിരലറ്റത്തുണ്ട്
ചുണ്ണാമ്പ്.

മൂന്നു പതിറ്റാണ്ടുമുമ്പ്
1 വീറ്റിയില്‍ വന്നിറങ്ങി
പകച്ചുനില്‍ക്കെ
ചിത്രത്തൂണില്‍ കാലുയര്‍ത്തി
ചാരിയൊരു
പെണ്ചിരിയോര്‍ക്കുന്നു ;
ചെരിഞ്ഞ ചിരി.
അന്നുമുതല്‍
എന്‍റെ വിരല്‍ത്തുമ്പത്തുമുണ്ട്
മായ്ച്ചാലും മായാതെ
ചുണ്ണാമ്പ്!
   ------------

വിക്ടോറിയാ ടെര്‍മിനസ് റയില്‍വേ സ്റ്റേഷന്‍ 

Thursday, June 26, 2014

നാണപ്പേട്ടനും നാലാമിടവും

ഡോംബിവല്ലിയിലെ
കവിസമ്മേളനത്തിലാണ്
നാണപ്പേട്ടന്‍
തിരികെ വന്നെന്നറിഞ്ഞത്.

നഗരത്തില്‍
നാല്‍പ്പതു വര്‍ഷം
ലോക്കലിന്റെ നാലാമിടത്തില്‍
അരച്ചന്തിയില്‍ ജീവിച്ച് മടുത്ത്
നാട്ടിലെത്തിയൊന്നു
നടുനീര്‍ക്കാന്‍ പോയ
നാണപ്പേട്ടന്‍
പുഴക്കരയിലെ
പുത്തന്‍ വീടു വിറ്റ്
എന്തേ തിരികെ ...........?

"സീറ്റില്‍ മൂന്നുപേര്
കവച്ചങ്ങിരിക്കും കുട്ടാ.
പൊള്ളുന്ന ചൂടില്‍
കമ്പിയില്‍ത്തൂങ്ങി
ബോധംകെട്ടു വീണാലും
കിട്ടില്ലവിടെ
അരച്ചന്തിക്കിടം."

ചായയും സമോസയും കഴിച്ച്
കവിത ചൊല്ലി നേരമേറെയായ്.
കിട്ടി കല്യാണ്‍ഫാസ്റ്റിലിടം
മുഴുച്ചന്തിക്കിരുവര്‍ക്കും!
      ------------

Wednesday, June 25, 2014

വീട്

വെറുമൊരിടമല്ല വീട്
കാറ്റും
വെളിച്ചവും
പോഷകവും
വേണമതിന്.
ഹൃദയമുണ്ട് വീടിന്.
നമ്മോടൊപ്പം തേങ്ങുകയും
തുള്ളിച്ചാടുകയും ചെയ്യുന്നത്.

രാവിലെ വേഷമിട്ടിറങ്ങുമ്പോള്‍
മുണ്ടിന്‍റെ കോന്തല ഒതുക്കുന്നതും
പൊട്ടു ശരിയാക്കുന്നതും
വീടാണ്.
ഓഫീസിലേക്കും
വിദ്യാലയത്തിലേക്കും
തിരക്കിട്ടോടുമ്പോള്‍
നിര്‍ത്താതെ ടാറ്റാ പറയുന്നുണ്ടത്.
തിരിച്ചെത്തുംവരെ
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.

നമ്മുടെ ഒച്ച കടുത്താല്‍
വീട്
നിറകണ്ണുകളോടെ
കതകിന്റെ മൂലയില്‍ ഒതുങ്ങുന്നു.
ഒച്ച കിലുങ്ങുമ്പോള്‍
മുറികള്‍തോറും
കക്കു കളിയ്ക്കുന്നു.

ദൂരെദിക്കിലുള്ള
മക്കളുടെയരികിലേക്ക്
ഏറെ നാളത്തേക്ക് പോയാല്‍
വീട്
പൊടിപൊടിയായി
കണ്ണീര്‍ പോഴിയ്ക്കും.
തിരിച്ചെത്തുമ്പോള്‍
അടങ്കലം ആശ്ലേഷിയ്ക്കുന്നു.
ആശ്വാസമായി പൊതിഞ്ഞ്
സാവധാനം
സോഫയിലേക്ക് ചായ്ക്കുന്നു.

വീടിന് ഉറക്കമെന്നതേയില്ല.
പകല്‍ നമ്മേക്കുറിച്ച് ചിന്തിച്ചും
രാത്രിയില്‍ വീശിത്തന്നും
ഉറക്കമിളയ്ക്കുന്നു.

നമ്മള്‍
വെള്ളയുടുത്തു കിടക്കുമ്പോഴും
വീടു വില്ക്കുമ്പോഴും
ഉഷ്ണമായി
അതുഴറും

ഇന്ദ്രിയങ്ങള്‍
ആയിരമാണ് വീടിന്.
എല്ലാം
കേള്‍ക്കുന്നു
മണക്കുന്നു
രുചിയ്ക്കുന്നു
തൊട്ടറിയുന്നു
ഉള്ളിന്‍റെ ഉള്ളറിയുന്നു.

അരുതാത്തത് നടന്നാല്‍
വിഷാദരോഗിയാവും വീട്;
കാളിംഗ്ബെല്ലിനെയും പേടിയ്ക്കും
ബാല്‍ക്കണിയില്‍ വരാറുള്ള കിളികളെ
ആട്ടിപ്പായിയ്ക്കും

വീടു പറയുന്നതൊക്കെ
നാം ശ്രദ്ധയോടെ കേള്‍ക്കെണ്ടതുണ്ട്
സ്വന്തമെന്നോര്‍ത്ത് താലോലിക്കേണ്ടതുണ്ട്.
അല്ലെങ്കില്‍
ചുറ്റിനും പതുങ്ങുന്ന കാട്
അരിച്ചരിച്ച്
അകത്തേക്കു വരും
വീടിനെ വിഴുങ്ങും.
    ----------







































Tuesday, June 24, 2014

പിഷാരടിമാഷിന്റെ ആസ്തി

പെന്‍ഷനോട് ഒത്ത
പണവും സാവകാശവും
പിഷാരടിമാസ്റ്റര്‍
പുസ്തക(സ്വപ്ന) ശേഖരമാക്കി.
പൊടി പിടിയ്ക്കാതെ  സണ്‍മൈക്ക,
പുഴുക്കുത്തിനും
പുഴുക്കത്തിനും ഏസി............

കോര്‍പറെറ്റ് കോണിയില്‍ ഉറച്ചുനിന്ന്‍
മക്കളും
കളിപ്പാട്ടങ്ങള്‍ക്കിടയിലിരുന്ന്‍
പേരമക്കളും
പുസ്തകം അടുക്കിക്കൊണ്ടിരിയ്ക്കെ
പിഷാരടിമാസ്റ്റര്‍
ചാരുകസേരയില്‍
ഒരു വശത്തേക്കു ചരിഞ്ഞു.

ഇന്നു ചെല്ലുമ്പോള്‍
അലമാരകളൊക്കെ കാലി!
ഇസ്തിരിയുടയാത്ത വെള്ള ഷര്‍ട്ട്‌പോലെ
സണ്‍മൈക്ക തിളങ്ങുന്നു.
ഡെക്കറിനൊത്ത പുതുകൌതുകങ്ങള്‍
ഇടം കാത്തിരിയ്ക്കുന്നു.

പുസ്തകമെല്ലാം
അട്ടത്തെ പെട്ടിയില്‍
ഭദ്രമാക്കിയിട്ടുണ്ടെന്നു മക്കള്‍ പറഞ്ഞു.

പെട്ടി തുറന്നപ്പോള്‍,
നിറഞ്ഞിരിയ്ക്കുന്നു
കാച്ചെണ്ണയുടെ മണമുള്ള
അസ്ഥിപന്ജരം!
   ----------

Monday, June 23, 2014

ചിക്കാഗോയില്‍നിന്നു സന്ദേശം

1 സിയേഴ്സിന്റെ മോളില്‍
മേഘത്തോടയാള്‍ മനംനൊന്തു:-
മേഘമേ
അവള്‍ക്കു വിസ നിഷേധിച്ച
എംബസിക്ക്മേല്‍ അറഞ്ഞുപെയ്ത്
മുക്കിക്കൊല്ലേണമേ.
അവളുടെ മുടിയിഴകളില്‍
എന്‍റെ മണം അലിഞ്ഞ നീര്‍ക്കണങ്ങള്‍
കോര്‍ത്തിട്ട് ഈ സന്ദേശമേകണമേ.

പ്രിയേ
ഷാമ്പൂവില്‍ എരിയുന്ന മൂക്ക്
കാച്ചെണ്ണ്‍യുടെ കുളിരിനു കൊതിക്കുന്നു.
രാസവളങ്ങള്‍ ചവര്‍ക്കുമ്പോള്‍
പൂവിതളില്‍
നോവാതെ കടിയ്ക്കാന്‍ മോഹം.
മലകളിടിഞ്ഞു വീണ്
മൂക്കും വാക്കും മുട്ടുമ്പോള്‍
താമരമൊട്ടുകളുടെ ഓര്‍മ്മയില്‍
നാക്കു തരിക്കുന്നു.
താഴ്വാരത്തിലേക്ക് അലറിയിറങ്ങുന്ന
പതവെള്ളത്തില്‍
പൊന്തിക്കിടക്കാന്‍ പണിയവേ
ചിറ്റൊഴുക്കിലുലയും
പുല്ത്തണ്ടിന്റെ ഓര്‍മ്മ വിതുമ്പുന്നു.
കണ്ണാടിവാതിലില്‍ തിങ്ങിയ
മക്ഡോണാള്‍ട് മണം
മനംപിരട്ടുമ്പോള്‍
പിഴുപിളിയോര്‍മ്മ
നാവു നനയ്ക്കുന്നു.

എനിക്കിവിടെ സുഖംതന്നെ.
ഉം.........മ്മ.
     -----------
1 ലോകത്തില്‍ ഏറ്റവും ഉയരമുള്ള  കെട്ടിടങ്ങളില്‍ ഒന്ന്. ചിക്കാഗോയില്‍.

Sunday, June 22, 2014

പിറ്റ്സ്ബര്‍ഗില്‍ ഒരു ശാലിനി

വിസിറ്റിംഗ് വിസയില്‍
അഛനെത്ത്തിയപ്പോള്‍
ശാലിനി:-
"അതേ നിങ്ങളിനി
സ്റ്റീല്‍ഗ്ലാസില്‍ കഴിച്ചാ മതി."
"ഉം?........."
"അയ്യോ അച്ഛന്‍ !"

കേബിളില്‍ പാതിരാഫിലിമിന്റെ
നീല മൂളലും ഞരക്കവും
വല്ലാതുയരുമ്പോള്‍
റിമോട്ടെടുക്കുന്നു ശാലിനി..........
പിറ്റ്സ്ബെര്‍ഗിലെ അമ്പലത്തില്‍
ഹനുമാനെച്ചൂണ്ടി
"മമ്മാ ബൌ ബൌ"ന്ന് പറയുന്ന കുഞ്ഞിന്‍റെ
വാ പൊത്തുന്നു ശാലിനി............

ചീറിപ്പായുന്ന
എക്സ്പ്രസ്സ്‌ ലെയിനുകള്‍ക്കിടയില്‍
നീളന്‍മുടിയും, സെറ്റുമുണ്ടും
ഒരുമിച്ച് ഒതുക്കാന്‍
കൈകള്‍ തികയാതെ
കഷണിക്കുന്നു
പിറ്റ്സ്ബെര്‍ഗില്‍ ഒരു ശാലിനി.
       -------------

അല്ലെര്‍ജി

ദേഹമാസകലം ചൊറിയുന്നു ഡോക്ടര്‍.
കമ്പിളി ഉറത്തിയിട്ടുറക്കം മുറിയുന്നു
കാര്‍പെറ്റ് പറത്തുന്ന പോടിയെറ്റ് തുമ്മുന്നു.
ബര്‍ഗര്‍ കാണുമ്പോഴെന്‍
കുടലുകള്‍ പിണങ്ങുന്നു
തൊണ്ടയില്‍ പെര്ഫും കുത്തി
ഇടവിട്ടു ചുമയ്ക്കുന്നു
ഭാഷ തിരിയാതെന്റെ
ഉള്ളാകെ പൊള്ളുന്നു.
തലച്ചോറു ചൊറിഞ്ഞിനിയെല്ലാം
തച്ച്ചുടയ്ക്കുവാന്‍
തോന്നുമോന്നാണിപ്പോഴെന്‍ പേടി.

ഉഷ്ണമേഖലക്കാര്‍ക്ക് ഉള്ളോരല്ലര്‍ജിയാ
ഇതിനില്ല മരുന്നൊന്നുമിന്നേവരെ.
മൈനോരിറ്റിതന്‍
പ്രശ്നമാകയാല്‍ ഇതിനൊക്കെ
പ്രതിവിധി തിരയുന്നതും
ലാഭമുള്ള ഏര്‍പ്പാടല്ല.
സൈക്കോസോമാറ്റിക്കാ
വേണ്ടാതുള്ള
ചിന്തകള്‍ ഒഴിവായാല്‍
ഒത്തിരി സുഖപ്പെടും.
പണ്ടത്തെക്കാര്യങ്ങള്‍
മറക്കാന്‍ ശ്രമിക്കണം.
ചര്യകളൊക്കെ തെല്ലു
മാറ്റുവാനൊരുങ്ങണം.
തണുപ്പത്തു മുണ്ടുടുത്തിറങ്ങാതിരിയ്ക്കണം.
ടൈയും, കൊട്ടും, ബൂട്ടും
എപ്പൊഴും ധരിയ്ക്കണം.
വെറുംവായില്‍ നാറുന്ന
വാക്കുകളകറ്റുവാന്‍
സോഡയും, ചൂയിംഗ്ഗമ്മും
നന്നെന്നാണനുഭവം.
വീക്കെന്‍ഡില്‍ ഔട്ടിങ്ങിനു
പോകണം ഇടയ്ക്കിടെ.
1 അറ്റ്‌ലാന്റിക് സിറ്റിയും
ഗുണം ചെയ്യാതിരിക്കില്ല.

മാനസത്തിനൊത്തു
താമസം മാറ്റാത്തവര്‍
താമസത്തിനൊത്തു
മാനസം മാറ്റീടുക.
    ---------
1 ഒരു ചൂതുകളി നഗരം. 

Friday, June 20, 2014

1 ഏരകപ്പുല്ലുകള്‍

ഈ നാടിന്‍ ഗര്‍ഭത്തില്‍
ഇരുമ്പുലക്കകള്‍ കാലിട്ടിളക്കുന്നു.
മൂക്കുമുട്ടെയുറക്കം കഴിഞ്ഞ്
കൈ തരിക്കുന്നു.
നഖങ്ങള്‍ കൂര്‍ത്ത്
വിരലിനേക്കാള്‍ നീളുന്നു.
ഇന്റെര്‍നെറ്റിന്റെ നീലയില്‍
സൂര്യന്‍ മരിയ്ക്കുന്നു.
വാക്മാന്‍ കോര്‍ത്ത കാതില്‍
കാറ്റു പാടുന്നില്ല.
സ്ക്രീനില്‍ തുറിച്ച് ഇറുമ്മുന്ന
പല്ലിന്‍ തടവില്‍
ഇളകുന്നില്ല നാവുകള്‍.
ബാറിന്റെ മൂടാപ്പില്‍
ഇല്ല അക്ഷരങ്ങള്‍.

തഴയ്ക്കുന്നു ഏരകപ്പുല്ലുകള്‍
ശബ്ദവേഗപ്പാച്ചില്‍
തൊടാത്ത മണ്ണില്‍.
ആള്‍പൊക്കമെത്തിയ
കുഴല്‍ത്തണ്ടുകള്‍ ഇളകിയാടുന്നു,
ബാഗ്ദാദിലും, കോസവോയിലും
2 കൊളറാഡോയിലും ഒപ്പമൊപ്പം!
           ---------------
1 യാദവര്‍ ഇരിമ്പുലക്കയുടെ പൊടിയില്‍നിന്നു മുളച്ച 
ഏരകപ്പുല്ലുകള്‍കൊണ്ട് തമ്മില്‍ ത്തല്ലി നശിച്ചു.

2 ൧൯൯൮ ല്‍ കൊള റാഡോയില്‍  കൊളംബയിന്‍ ഹൈസ്കൂളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍, കൂട്ടുകാരെയും അധ്യാപകനെയും വെടിവെച്ചു കൊന്നു. വെറും രെസത്തിന്.

Thursday, June 19, 2014

വേറെ വേറെ ചിന്തിക്കുമ്പോള്‍

1 കൊളംബയിന്‍ ഹൈസ്കൂള്‍
ലൈബ്രറി ഹാളില്‍
അക്ഷരങ്ങളെ തഴുകിയിരുന്ന
സാറിനെയും സഹപാഠികളെയും
ആര്‍ത്തു ചിരിച്ചു കാഞ്ചി കളിച്ചു
ചോരച്ചരടില്‍ കോര്‍ത്തിട്ട കുട്ടിക്ക്
എന്തെങ്കിലും കുഴപ്പം?..............

ഹേയ്, പെര്ഫെക്ടലി നോര്‍മല്‍.
പണത്തിനു പണം, തടിക്കു തടി
നിറത്തിനു നിറം
ഒറ്റ മകന്‍.............
അച്ഛനും അമ്മയ്ക്കും
വേറെ വേറെ
ബംഗ്ളാവുകള്‍, കാറുകള്‍,
ബാങ്കുകള്‍, കാര്‍ഡുകള്‍,
കൂട്ടുകള്‍..............
ധൈര്യത്തിന്
ലൈസന്‍സുള്ള തോക്കുകളും
വേറെ വേറെ.

പിന്നെന്താ ആ കുട്ടിക്കു
വേണ്ടീര്‍ന്നെ?

ഞങ്ങളെല്ലാം
വേറെ വേറെ ചിന്തിച്ചിട്ടും
ഒരു പിടീം കിട്ടുന്നില്ല!
     -------------
1 കൊള റാഡോയിലെ കൊളംബയിന്‍ ഹൈസ്കൂളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍, ആര്‍ത്തു ചിരിച്ചു കൊണ്ട് 
സഹപാഡികളെയും അദ്ധ്യാപകനെയും വെടിവെച്ചു  കൊന്നു.

Wednesday, June 18, 2014

അലബാമയില്‍നിന്ന് ആശയുടെ ഈ മെയില്‍

ആഴ്ചയിലാഴ്ചയില്‍
ഫൊണിലൂടാശമോള്‍
ഞങ്ങളേയൊക്കെപ്പുണര്‍ന്നു.
കാണാത്ത നാടിന്‍റെ
കേള്‍ക്കാത്ത വാര്‍ത്തകള്‍
ഞങ്ങളിലേക്കു പകര്‍ന്നു.

ഇന്നലെയെത്തിയ
ഫോണ്‍കുശലത്തില്‍,
ഡിഗ്രികള്‍ നേടിയ
നീഗ്രോ യുവാവിനെ
ആശമോള്‍ പരിണയം ചെയ്തു.
നേരിട്ടു സ്കയിപ്പിലൂടെത്തിയിരുവരും
ആശംസയര്‍ഥിച്ചു നിന്നു.

നീറിപ്പുകയുമാകുല ചിന്തകള്‍
ഞങ്ങള്‍ ആശയ്ക്കുമുന്നില്‍ നിരത്തി:-
നിനക്കായി പണ്ടേ
മുത്തശ്ശിയേല്പ്പിച്ചോരു
ഒഡിയാണമാര്‍ക്കു നല്‍കേണ്ടു?
ഇരുപതു വര്‍ഷമായ്
ഓരോ മണികളായ്
ഞങ്ങള്‍ ഒരുക്കിയ
നിറപറയെന്തു ചെയ്യേണ്ടു?

കിട്ടി
അലബാമയില്‍നിന്നീമെയില്‍ ഉടനടി:-
ഒഡിയാണമഴിച്ച് പണിഞ്ഞായിരം
കെട്ടുതാലിപ്പൊന്നൊരുക്കാം.
അലങ്കാരനിറപറ കൊട്ടി വിതറുക
ഏറുമ്പുകള്‍ക്കഷ്ടിയാകട്ടെ.
          --------------

Tuesday, June 17, 2014

നയന്റിനയന്‍ നയന്റിനയന്‍

അളിയാ നോക്ക്
സ്പെഷ്യല്‍ ഓഫര്‍
വെറും തൊണ്ണൂറു ഡോളര്‍ !
തൊണ്ണൂറല്ല മോനേ, നൂറാ
പിന്നെ ടാക്സോണ്ടാവും വേറെ.

ഛെ. ഇതിനൊക്കെയെവിടാ ടാക്സ്?

ഉം......ഉം.....ചെല്ലുംപോഴറിയാം.

അളിയാ. ഈസി  ഇന്‍സ്റ്റാള്‍മെന്‍റ് ഒണ്ടത്രേ!

ശരിയാ.......ആദ്യം പലിശ പിടിക്കും
പിന്നെ മൊതല്.
തവണ മൊടങ്ങിയാ
കയ്യാങ്കളിയുമാവും.

                  2
എന്ടളിയാ
നീ പറഞ്ഞതായിരുന്നു ശരി.........
അതിനൊന്നുമൊരു
കുറവുമുണ്ടായില്ല
ശെരിക്കുള്ള രസീതും തന്നു.
പക്ഷേ , അതിനെടെയവളുമാര്
പോക്കറ്റു തപ്പിയതറിഞ്ഞില്ല..........
ഐഡീം ക്രെഡിറ്റ്‌ കാര്‍ഡും ഒക്കെ
പിന്നേമൊണ്ടാക്കാം.
എന്‍റെ അമ്മച്ചീടെ
ആകെയോണ്ടാരുന്ന ഫോട്ടോ.......!
           -------------

Monday, June 16, 2014

പൊള്ളുന്ന മഞ്ഞ്

പൊങ്ങിപ്പരക്കുന്ന
പാല്‍ക്കടല്‍പോലെ മഞ്ഞ്.
പുല്‍പ്പരവതാനിയും
വീട്ടതിരുകളും
മേല്‍ക്കൂരകളും
കുറ്റിച്ചെടികളും
ചില്ലകളും
കവിഞ്ഞൊഴുകുന്ന
വെള്ളസമുദ്രം.

രാത്രി മുഴുവന്‍
പോഴിഞ്ഞിറങ്ങിയതാണിത്
പിഞ്ഞിപ്പറക്കുന്ന പഞ്ഞിപോലെ
തരിക്കുമോളില്‍ തരിയായി
ഇഴയ്ക്ക്മോളില്‍ ഇഴയായി
എന്നെ പൊതിഞ്ഞുകഴിഞ്ഞു
വെള്ള വാല്‍മീകം.
സൂഷ്മ സുഷിരങ്ങളിലൂടെ
കൂര്‍ത്ത സൂചിത്തണുപ്പ് തുളയ്ക്കുന്നു
നെഞ്ചിലെ ഈര്‍പ്പമുറഞ്ഞു വിങ്ങുന്നു
കണ്ണും കാതും മൂക്കും മരിക്കുന്നു.

അലറുന്ന വെയിലില്‍
വെന്തുരുകിയപ്പോള്‍
മോഹിച്ചിരുന്നു............
പക്ഷേ
പൊള്ളുന്ന
വെണ്മയാണെന്നോര്ത്തില്ല
ഈ മഞ്ഞ്...........!
     ------------

Sunday, June 15, 2014

പൊയ്പ്പോയ പാതി

ടീവിക്ക് മുന്നില്‍
ആനസോഫയില്‍
പാതിയഴിഞ്ഞ ടൈ
പാതിയൂരിയ കോട്ട്
ഷൂസ് ഒന്ന് കാര്‍പെറ്റില്‍
പാതിയെരിഞ്ഞ സിഗരറ്റ്
പാതി കുടിച്ച കോക്ക്
നാക്കുരുട്ടി പാതി മറച്ച ഭാഷ
പാതി വരണ്ട തൊലി
പാതി ചുരുണ്ട മുടി
സമൃദ്ധിയുടെ രക്തക്കൂറില്‍
പാതി വെളുത്ത..............

മൂന്നു പതിറ്റാണ്ട് അമേരിക്കന്‍ വെള്ളത്തില്‍
മുങ്ങിക്കുളിച്ച മാത്തുക്കുട്ടിയുടെ
മാഞ്ഞുപോയ പാതിയെച്ചൊല്ലി
വേവലാതിയോടെ
വിസിറ്റിംഗ് വിസ നീട്ടല്ലേന്നു
വാശി പിടിക്കുന്നു
വല്യപ്പച്ചന്‍.
-----------

Friday, June 13, 2014

മഞ്ഞിലുയര്‍ന്ന മലയാളി

മഞ്ഞറഞ്ഞു പെയ്യുമെന്ന
പ്രവചനം കേട്ടോടി
നേരത്തെ വീടെത്തി
ഭാര്യയോടൊപ്പമൊരു
പെഗ്ഗും മൃഷ്ടാന്നവും
കഴിഞ്ഞപ്പോള്‍
പുല്‍ത്തകിടി മൂടി
തൂവെള്ളപ്പഞ്ഞിക്കംബളം.
ചക്ക്രവാളത്തോളം
നനുത്ത വെണ്ണക്കല്ലില്‍ക്കടഞ്ഞ മഞ്ഞ്.

അതിമൃദുലമിളം ചൂടുവെള്ളക്കിടക്ക.
കംഫര്‍ട്ട്ര്‍ , ഫേസ് ക്രീം
കൂര്‍ക്കതാളങ്ങള്‍.............

അലാറം ചെവി തുളച്ചപ്പോള്‍
കണ്ണാടി ജനലിലൂടെക്കണ്ടു;
മഞ്ഞ് അലങ്കൊലപ്പെട്ടിരിക്കുന്നു.
വീശിയെറിഞ്ഞ വലപോലെ
ചോരത്തുള്ളികള്‍ , നഖവരകള്‍.............

ഇവിടെ എന്തൊക്കെയോ നടന്നിരിക്കുന്നു!
ഞാന്‍ ഉറക്കത്തിലായിരുന്നു.
അസമയത്ത് ഉണരാന്‍ പാടില്ലല്ലോ
പ്രവാസി!
---------------- 

Thursday, June 12, 2014

#ഇന്നലെ.......... ഇന്ന്

............ഹെലോ !
അമ്മാവിയല്ലേ?
ഇത് ഞാനാ
ന്യൂ യോര്‍ക്കീന്ന്‍........

അയ്യോ! എത്ര നാളായെന്റെ മോനേ!

തീരെ സമയമില്ലമ്മായീ.

നിന്റെ പഠിത്തമൊക്കെക്കഴിഞ്ഞോ മോനേ?

ഇല്ലമ്മായീ
ഇനിയുമുണ്ട് ഒരു വര്‍ഷം.
ദേവിക്ക് ഹാപ്പി ബെര്‍ത്ത് ഡേ
പറയാന്‍ വിളിച്ചതാ.
പുള്ളിയെവിടെ?

അയ്യോ മോനേ
പുറന്നാളുണ്ടിട്ട്
അവളിന്നലെത്തന്നെ പോയി.
ലീവില്ലവള്‍ക്ക്.

പുറന്നാളിന്നല്ലേ? തേടിന്?

തേടിന്നലെയല്ലാരുന്നോ മോനേ?
ഇക്കുറി അവളുടെ കല്യാണോമൊറപ്പിച്ചു.
കൂടെ ജോലിയൊള്ള............

ഫോണ്‍ മുറിഞ്ഞു.
ഇന്നലെ.........ഇന്ന്!
     ----------

#ഇന്ത്യക്കും അമേരിക്കയ്ക്കുമിടയില്‍ സമയ വ്യത്യാസമുണ്ട്. ഇവിടെ പകലാവുമ്പോള്‍ അവിടെ തലേന്ന് രാത്രിയാവും.

സിറാക്യുസിലെ ശിശിര സൂര്യന്‍

കറുത്ത മണ്ണും കരിമേഘവും
കരുവാളിച്ച മുഖങ്ങളും മടുത്ത്
വെണ്മ തേടി കുളിര്‍മ തേടി
വിശന്നോടിയെത്തിയതീ
മഞ്ഞിന്‍ വെളുപ്പില്‍.

കൂട്ടിത്തിരുമ്മി രക്തം പൊടിഞ്ഞ
കൈവെള്ളയാല്‍ താടി താങ്ങി
ചേര്‍ത്തടച്ച ജനലിലൂടെ കണ്ടു ;
മഞ്ഞില്‍ കുളിച്ച വിണ്ണും മണ്ണും മരങ്ങളും........
വെളുത്തു തുടുത്ത നാട് !

മഞ്ഞിനെത്തിളക്കുന്ന
സൂര്യന്‍ ചോദിക്കുന്നു
"മേ ഐ ഹെല്‍പ്?"
എന്തുദാരത! എന്തൊരു വിനയം!
നനവൂറുന്ന കമ്പിളിയൂരി എറിഞ്ഞ്
ചെരുപ്പും താക്കോലും മറന്ന്
ഓടിയിറങ്ങവേ
വാതില്‍ സ്വയമടഞ്ഞു പിന്നില്‍.
പതിയിരുന്ന ശീതക്കാറ്റിന്റെ
കനലുകള്‍
വേട്ട നായ്ക്കളായ് പൊതിയവേ
മേഘങ്ങള്‍ക്കിടയില്‍ ഒളിച്ച
സൂര്യന്‍ ആശംസിക്കുന്നു:-
"ഹാവെ നൈസ് ഡേ!"
       __________