Friday, June 13, 2014

മഞ്ഞിലുയര്‍ന്ന മലയാളി

മഞ്ഞറഞ്ഞു പെയ്യുമെന്ന
പ്രവചനം കേട്ടോടി
നേരത്തെ വീടെത്തി
ഭാര്യയോടൊപ്പമൊരു
പെഗ്ഗും മൃഷ്ടാന്നവും
കഴിഞ്ഞപ്പോള്‍
പുല്‍ത്തകിടി മൂടി
തൂവെള്ളപ്പഞ്ഞിക്കംബളം.
ചക്ക്രവാളത്തോളം
നനുത്ത വെണ്ണക്കല്ലില്‍ക്കടഞ്ഞ മഞ്ഞ്.

അതിമൃദുലമിളം ചൂടുവെള്ളക്കിടക്ക.
കംഫര്‍ട്ട്ര്‍ , ഫേസ് ക്രീം
കൂര്‍ക്കതാളങ്ങള്‍.............

അലാറം ചെവി തുളച്ചപ്പോള്‍
കണ്ണാടി ജനലിലൂടെക്കണ്ടു;
മഞ്ഞ് അലങ്കൊലപ്പെട്ടിരിക്കുന്നു.
വീശിയെറിഞ്ഞ വലപോലെ
ചോരത്തുള്ളികള്‍ , നഖവരകള്‍.............

ഇവിടെ എന്തൊക്കെയോ നടന്നിരിക്കുന്നു!
ഞാന്‍ ഉറക്കത്തിലായിരുന്നു.
അസമയത്ത് ഉണരാന്‍ പാടില്ലല്ലോ
പ്രവാസി!
---------------- 

No comments:

Post a Comment