Friday, May 9, 2014

കള്ളന്‍ ചക്കേട്ടു

"കള്ളന്‍ ചക്കേട്ടു
കൊണ്ടത്തിന്നോട്ടെ
കണ്ടാമിണ്ടണ്ട
കള്ളന്‍ ചക്കേട്ടു........"
നാടോടിപ്പക്ഷികള്‍ പാടിപ്പറക്കുന്നു
നാട്ടുകാര്‍ക്കൊക്കെയും നാണക്കേടായ്.

ചക്കച്ചുളയും ചവുണിയും
കണ്ടെടുത്ത് ഒക്കെ
വിതരണം ചെയ്യുവാനായ്
നാട്ടിന്നരചന്റെ കൊട്ടാര വാതിക്കല്‍
നാട്ടുകാരൊക്കെ തടിച്ചുകൂടി
ആളും ബഹളവും കണ്ടിട്ടരചനും
കയ്യും കലാശവും കാട്ടുന്നുണ്ടേ.
വാതോരാതെന്നും പ്രസംഗിച്ചു ശീലിച്ച
നാക്കെന്തേ ഇങ്ങനെ താന്നു പോകാന്‍?

തിരുവായ വലിച്ചു തുറന്നവര്‍ കണ്ടതോ
ചക്കയരക്കും ഒരു ചുളയും മാത്രം!
നിലയ്ക്കാതൊഴുകും വെര്‍പ്പിന്റെ ഗംഗയില്‍
പാവം അരചന്‍ കുളിച്ചു പോയി.
നാട്ടിന്നരചന്റെ പാവത്തം കണ്ടിട്ട്
നാട്ടുകാരാകെ അലിഞ്ഞു പോയി.
പാവം ഒരു ചുള കടിച്ച്ചതിനു
ഇത്രയും താപം അനുഭവിക്കേണ്ടത് ഉണ്ടോ?

നാട്ടുകാര്‍ ആര്‍പിട്ടു നാട്ടിന്നരചനെ
സിംഹാസനത്തില്‍ കയറ്റി വെച്ചു.
നാവേറെ നീണ്ടുള്ള നാടോടി പക്ഷിയെ
നാട്ടുകാര്‍ കല്ലു പെറുക്കി ഓങ്ങി.

പക്ഷികള്‍ പിന്നെയും പാടിപ്പറക്കുന്നു
"ചക്കക്കുപ്പോണ്ടോ ?
കള്ളന്‍ ചക്കേട്ടു
കണ്ടാ മിണ്ടണ്ട!
കള്ളന്‍ ചക്കേട്ടു !!
----------------

No comments:

Post a Comment