Sunday, May 18, 2014

അമേരിക്കന്‍ ക്യാലറി

എണ്‍പതുകാരന്‍ പൌലോസ്കി
വിധവമകള്‍ക്കൊപ്പം
തൊട്ടടുത്ത അപ്പാര്‍ട്ടുമെന്റിലാണ്.
എങ്കിലും
അകം കണ്ടിട്ടില്ല ഞങ്ങള്‍ അന്യോന്യം.
സ്നേഹക്കുറവാണെന്നു കരുതേണ്ട.
പുറത്തിറങ്ങുമ്പോള്‍ പൂത്തുലയുന്ന
'ഹായും', 'ബൈയും'
വാതില്‍ക്കല്‍ വീണു കുന്നായിട്ടുണ്ട്.
സ്നേഹഗാനങ്ങള്‍ക്ക്
ഫോണ്‍ ഉണ്ട്, നെറ്റുണ്ട് .

ഇന്നലെ
പുറത്തു പോയ് വരുമ്പോള്‍
പൌലോസ്ക്കിയുണ്ട്
താഴത്തെ കോണിപ്പടിയില്‍
ചടഞ്ഞു കിടക്കുന്നു!
കാലു മുറിഞ്ഞു ചോര,
കയം നികന്ന കണ്ണുകളില്‍ പീള.
നരയും നഖവും നീണ്ട്
ചുളിഞ്ഞ കൈകള്‍ മൊരിഞ്ഞു തൂങ്ങി............
ആദ്യമായാണ് അമേരിക്ക ഇത്ര തൊട്ടുതൊട്ട്.
താരനും നരയും വെളുത്തു തന്നെ
പീള മഞ്ഞ തന്നെ
ചോര ചുവപ്പു തന്നെ.

താങ്ങിയെടുത്ത്
പതിനെട്ടാം പടിയിലെത്തിച്ചപ്പോള്‍
ശബ്ദം കേട്ടു വന്ന മകള്‍
തന്തയെ തെറിയില്‍ കുളിപ്പിച്ച്
പേഴ്സ് തുറന്ന് എന്നോടലിഞ്ഞു:-
" ഹി ബോതേര്ട് യു !
ഹൌമച്ച് ഐ ക്യാന്‍ പേ യു?
ഹൌമച്ച്?"

ഉള്ളു നൊന്തു.
കുളിമുറിയില്‍ തെന്നി വീണ മുത്തശനെ
ആശുപത്രിയില്‍ എത്തിച്ചതും
ബലി തീരുംവരെ
ലോസ്സോഫ്പേയില്‍
അവധി നീട്ടിയതും ഒക്കെ ഓര്‍ത്തു.

അമേരിക്കക്കാര്‍
ക്യാലറി നോക്കി സ്നേഹിക്കുന്നു;
മെലിയുന്നു.
നമ്മളോ
അജീര്‍ണത്താല്‍
വലയുന്നു!
---------------






















No comments:

Post a Comment