Tuesday, May 20, 2014

ന്യൂജേഴ്സിയില്‍ രണ്ട് ചൂണ്ടക്കാര്‍

വസന്തം.
പൂത്തുലഞ്ഞ ചെറിമരങ്ങള്‍ക്കിടയിലൂടെ
വടിവൊത്ത, തെളിവൊത്ത
കുഞ്ഞരുവി.

ഫിഷിംഗ് റോഡുകള്‍ ഏന്തിയ
അച്ഛനും മകനും അക്കരെ.
ഓര്‍മ്മകളില്‍ ഒഴുകിയിളകി
ഞാനിക്കരെ.

അച്ചന്‍‌കോവില്‍ ആറ്റില്‍
ഈറ്റക്കമ്പിന്‍ തുമ്പില്‍
കൈതച്ചരടില്‍ കോര്‍ത്ത
ചീനിപ്പൊങ്ങ് തത്തിക്കളിച്ചു.
പെട്ടെന്ന്
ചീനിപ്പൊങ്ങ് ഇളകിത്താന്നു.
ചൊറുക്കോടെ വലിച്ചിട്ട മീന്‍
നിലത്തു കിടന്നു പിടച്ചു.
(ബാഗ്ദാദില്‍ വീണ പ്രതിമപോലെ.)

ഞാന്‍ കയ്യടിച്ചത്
അച്ഛനും മകനും രസിച്ചു.
ആദ്യമായി ഞങ്ങള്‍ സംസാരിച്ചു.
അവിടെ പകല്‍ ഇവിടെ ഇരവെങ്കിലും
ഇര
അവിടെയും ഇവിടെയും
മണ്ണില്‍നിന്നു തന്നെ
എന്നൊക്കെച്ചിരിച്ചു.

ഇതിനിടെ
മകന്‍,
പിടയ്ക്കുന്ന മീനിനു നോവാതെ
ചൂണ്ടയൂരി
ചോര കൈലേസുകൊണ്ടൊപ്പി
മുട്ടോളം വെള്ളത്തിലിറങ്ങി
മെല്ലെ ഒഴുക്കി വിട്ടതുകണ്ട്
ഞാന്‍ അതിശയിച്ചു:-
"ഞങ്ങള്‍ ചൂണ്ടയിടുന്നത് കഴിക്കാനാണ്."

"ഹ.ഹ... ........ ഞങ്ങള്‍ രസിക്കാനും!"
            -----------------













No comments:

Post a Comment